ട്രംപ് 2.0യിലെ ഏറ്റവും വലിയ മാറ്റം! യുഎസ് പ്രസിഡന്‍റുമായുള്ള കൂടിക്കാഴ്ച പല വിദേശ നേതാക്കൾക്കും ഭയം, പരിഭ്രാന്തി പരത്തി ട്രംപിന്‍റെ കൂസാത്ത പെരുമാറ്റം

വാഷിംഗ്ടൺ: വൈറ്റ് ഹൗസിലേക്കുള്ള വിദേശ നേതാക്കളുടെ സന്ദർശനങ്ങൾ സാധാരണയായി ഉഭയകക്ഷി നയതന്ത്ര ചർച്ചകൾക്കും സൗഹൃദപരമായ കൂടിക്കാഴ്ചകൾക്കും ഫോട്ടോ സെഷനുകൾക്കും വേണ്ടിയുള്ള അവസരങ്ങളായിരുന്നു. എന്നാൽ, ഫെബ്രുവരിയിൽ യുക്രൈൻ പ്രസിഡന്‍റ് വ്ളോഡിമിർ സെലെൻസ്‌കിയെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പരസ്യമായി ശാസിച്ച സംഭവം ഓവൽ ഓഫീസ് മര്യാദകളെ പാടേ തെറ്റിച്ചിരിക്കുകയാണ്. ഇത് ചില വിദേശ നേതാക്കൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

‘നിങ്ങൾ അത്ര നന്ദിയുള്ളവനല്ലല്ലോ’ എന്ന് പറഞ്ഞാണ് ട്രംപ് സെലെൻസ്‌കിയെ ശാസിച്ചത്. വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസ് അന്താരാഷ്ട്ര മാധ്യമങ്ങൾക്ക് മുന്നിൽ ട്രംപിന് പിന്തുണ നൽകുകയും ചെയ്തു. റഷ്യയുമായുള്ള യുദ്ധത്തിൽ കൂടുതൽ സഹായം അഭ്യർത്ഥിച്ച യുക്രൈൻ നേതാവിനോട്, ഒരു ഘട്ടത്തിൽ ആ രാജ്യത്തെ പൂർണ്ണമായി ഉപേക്ഷിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. കൂടിക്കാഴ്ച ഒരു തർക്കമായി മാറിയെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.

ഈ സന്ദർശനവും, ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ രാമഫോസയ്‌ക്കെതിരെ ട്രംപ് നടത്തിയ വംശഹത്യ ആരോപണങ്ങളും കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുമായുള്ള രൂക്ഷമായ വാദപ്രതിവാദങ്ങളും ട്രംപിന്‍റെ രണ്ടാം ഭരണകാലത്തെ ഓവൽ ഓഫീസ് സന്ദർശനങ്ങൾ വ്യത്യസ്തമായ തയ്യാറെടുപ്പുകൾ ആവശ്യപ്പെടുന്നു എന്നതിന്‍റെ സൂചനയായി വിദേശ നേതാക്കൾ കാണുന്നു.

ഇത്തരം കൂടിക്കാഴ്ചകൾക്ക് ഒരുക്കം നടത്തിയ അഞ്ച് മുൻ നയതന്ത്രജ്ഞർ ട്രംപിന്‍റെ വൈറ്റ് ഹൗസിനെ ഒരു ബോക്സിംഗ് റിംഗിനോടോ ടിവി സെറ്റിനോടോ ഒക്കെയാണ് ഉപമിച്ചത്. ചിലപ്പോൾ വടക്കൻ കൊറിയൻ ശൈലിയിലുള്ള പ്രശംസകൾക്കും പോലും മാനസികമായി തയ്യാറെടുക്കണമെന്ന് പ്രമുഖർ അഭിപ്രായപ്പെട്ടു. ക്യാമറയ്ക്ക് മുന്നിൽ ഒരിക്കലും ട്രംപ് തെറ്റാണെന്ന് പറയരുത് എന്നും അവർ മുന്നറിയിപ്പ് നൽകി.

“ട്രംപിനെ ഒരിക്കലും പരസ്യമായി എതിർക്കരുത്, കാരണം അത് അദ്ദേഹത്തിന് നാണക്കേടുണ്ടാക്കും, അത് അദ്ദേഹത്തിന് അംഗീകരിക്കാൻ കഴിയില്ല,” ട്രംപിന്റെ ആദ്യ പ്രസിഡൻസി കാലത്ത് യുഎസിലെ ഫ്രഞ്ച് അംബാസഡറായിരുന്ന ജെറാർഡ് അരൗഡ് പറഞ്ഞു.

More Stories from this section

family-dental
witywide