
ഷിക്കാഗോ: വാഷിംഗ്ടണ്‍ ഡിസിക്ക് ശേഷം തന്റെ ഭരണകൂടം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് ലക്ഷ്യമിടുന്ന അടുത്ത നഗരം ഷിക്കാഗോ ആയിരിക്കുമെന്ന സൂചന നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
”ഷിക്കാഗോ ഒരു കുഴപ്പമാണ്, നിങ്ങള്‍ക്ക് കഴിവില്ലാത്ത ഒരു മേയറുണ്ട്, തീര്‍ത്തും കഴിവില്ലാത്തവന്‍. അടുത്തതായി ഞങ്ങള്‍ അത് ശരിയാക്കും. ഇതിനുശേഷം വാഷിംഗ്ടണ്‍ ഡിസിക്കുശേഷം ഞങ്ങളുടെ അടുത്തത് ഇതായിരിക്കും”, അദ്ദേഹം ഓവല്‍ ഓഫീസില്‍ സംസാരിക്കവെ പറഞ്ഞു. ഷിക്കാഗോയിലെ ആളുകള്‍ അവര്‍ വരണമെന്ന് നിലവിളിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
തലസ്ഥാന നഗരമായ വാഷിംഗ്ടണ്‍ ഡിസിയെ എങ്ങനെ സുരക്ഷിതമാക്കിയെന്നും ഇപ്പോള്‍ രാജ്യ തലസ്ഥാനത്ത് ആരും കൊള്ളയടിക്കപ്പെടില്ലെന്നും ട്രംപ് തുടര്‍ന്നു പറഞ്ഞു. വാഷിംഗ്ടണ്‍ ഡിസിയില്‍ പ്രസിഡന്റിന്റെ പ്രത്യേക അധികാരം ഉപയോഗിച്ച് ട്രംപ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിച്ചിരുന്നു. തുടര്‍ന്ന് നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതേസമയം, ഷിക്കാഗോയുടെ കുറ്റകൃത്യ കണക്കുകള്‍ ട്രംപ് അവകാശപ്പെടുന്നതുപോലെ വളരെ ഉയര്‍ന്നതാണോ ?
2023 നെ അപേക്ഷിച്ച് 2024 ല്‍ ഷിക്കാഗോയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കുറ്റകൃത്യങ്ങളില്‍ 5 ശതമാനം കുറവ് രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. ഇവയുടെ എണ്ണം 124,241 ല്‍ നിന്ന് 118,578 ആയി കുറഞ്ഞുവെന്ന് ഷിക്കാഗോ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഡാറ്റ കാണിക്കുന്നു. ഇതില്‍ത്തന്നെ അക്രമ കുറ്റകൃത്യങ്ങളില്‍ 6 ശതമാനം കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ 2022 നെ അപേക്ഷിച്ച് 2023 ല്‍ 11 ശതമാനം അക്രമ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവെന്നും കണക്കുകളിലുണ്ട്. 2022 ല്‍ ചിക്കാഗോയില്‍ കവര്‍ച്ചകളില്‍ വലിയ വര്‍ദ്ധനവ് ഉണ്ടായി. ഏതാണ്ട് 13 ശതമാനമായിരുന്നു ഇത്. 2021 ല്‍, 2020 നെ അപേക്ഷിച്ച് അക്രമ കുറ്റകൃത്യങ്ങളില്‍ 5.5 ശതമാനം വര്‍ദ്ധനവ് ഉണ്ടായി. അതേസമയം, 2019 നെ അപേക്ഷിച്ച് 2020 ല്‍ അക്രമ കുറ്റകൃത്യങ്ങളുടെ നിരക്കില്‍ 0.09 ശതമാനം വര്‍ദ്ധനവാണ് ഉണ്ടായത്. ഇത്രയും കാര്യം വിശകലനം ചെയ്യുമ്പോള്‍ 2020 മുതല്‍ 2024 വരെ അക്രമ കുറ്റകൃത്യങ്ങളുടെ നിരക്ക് അടുത്തിടെമാത്രമേ ഒരു കുറവ് ഉണ്ടായിട്ടുള്ളൂ.
ഷിക്കാഗോയില്‍ ട്രംപ് നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുമോ?
ഷിക്കാഗോയില്‍ നാഷണല്‍ ഗാര്‍ഡിനെ വിന്യസിക്കുന്നതിനെക്കുറിച്ച് ട്രംപ് ഇതുവരെ പ്രത്യേക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല. എങ്കിലും അതിനുള്ള സാധ്യത പൂര്‍ണമായും തള്ളിക്കളയാനാകില്ല. ഷിക്കാഗോയില്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ കടുത്ത നടപടി എടുക്കാന്‍ ഭരണകൂടം തീരുമാനിച്ചാല്‍ ഫെഡറല്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം നാഷണല്‍ ഗാര്‍ഡിനെയും വിന്യസിക്കുാന്‍ ട്രംപിനാകും.