‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി’നായി വൈറ്റ് ഹൗസില്‍ പ്രചാരണ പരിപാടി; ‘ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവെന്ന്’ ട്രംപ്

വാഷിങ്ടന്‍: ”നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ നികുതി ഇളവ് ആയിരിക്കും സംഭവിക്കുക, യാത്രയ്ക്ക് നികുതിയില്ല, ഓവര്‍ടൈമിന് നികുതിയില്ല, മുതിര്‍ന്ന പൗരന്മാരുടെ സാമൂഹിക സുരക്ഷയ്ക്ക് നികുതിയില്ല…” സെനറ്റില്‍ വോട്ടെടുപ്പിനായി എത്തുന്ന ട്രംപിന്റെ ‘വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്ലി’നായി വൈറ്റ് ഹൗസില്‍ പ്രചാരണ പരിപാടി നടത്തവെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതിങ്ങനെ.

വിവിധ മേഖലകളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തിയാണ് ബിഗ് ബ്യൂട്ടിഫുള്‍ ബില്‍ (ബിബിബി) പരിപാടിക്ക് ട്രംപ് നേതൃത്വം നല്‍കിയത്. നിറഞ്ഞ സദസ്സിനു മുന്നില്‍ ബില്ലിനെ വാനോളം പുകഴ്ത്തിയ ട്രംപ് സെനറ്റ് കൂടി ബില്‍ പാസാക്കുന്നതോടെ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുമെന്നും ഉറപ്പ് നല്‍കി.

”3,000 പുതിയ അതിര്‍ത്തി പട്രോളിംഗ് ഏജന്റുമാരെ ഉള്‍പ്പെടുത്തി, ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും വലിയ അതിര്‍ത്തി നിയമനിര്‍മ്മാണമായിരിക്കും ഈ ബില്ലിലൂടെ നടത്തുക. യുഎസിലെ കര്‍ഷകര്‍, ഓട്ടോമേക്കര്‍മാര്‍, തുടങ്ങിയവര്‍ക്ക് ഈ ബില്‍ വലിയ ഗുണം ചെയ്യും. പ്രസിഡന്റ് തിരഞ്ഞെടുപ്പ് സമയത്തെ പ്രചാരണ വേളയില്‍ ഞാന്‍ സംസാരിച്ചതെല്ലാം ഒരു വന്‍ വിജയമായിരുന്നു, അതിനാല്‍ ഞങ്ങള്‍ അത് പൂര്‍ത്തിയാക്കാന്‍ പോകുന്നു.” പരിപാടിക്കിടെ ട്രംപ് പറഞ്ഞു.

ട്രക്ക് ഡ്രൈവര്‍മാര്‍, അഗ്‌നിശമന സേനാംഗങ്ങള്‍, നിയമപാലകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, മറ്റ് തൊഴിലാളികള്‍ എന്നിവരെ വേദിയില്‍ നിരത്തിയാണ് പരിപാടിക്ക് ട്രംപ് നേതൃത്വം നല്‍കിയത്. വരുമാനം കുറഞ്ഞ സാധാരണക്കാര്‍ക്ക് വന്‍ നികുതി ഇളവുകള്‍ തന്റെ ‘ബിബിബി’യില്‍ ഉണ്ടെന്നാണ് പരിപാടിയില്‍ ട്രംപ് അവകാശപ്പെടുന്നത്.

More Stories from this section

family-dental
witywide