
ഇസ്ലാമാബാദ് : യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പാക് സന്ദര്‍ശന വാര്‍ത്ത തള്ളി വൈറ്റ് ഹൗസ്. പാകിസ്ഥാനിലേക്കുള്ള യാത്ര ഇപ്പോള്‍ നിശ്ചയിച്ചിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഡോണള്‍ഡ് ട്രംപ് സെപ്റ്റംബറില്‍ പാക്കിസ്ഥാന്‍ സന്ദര്‍ശിക്കുമെന്നായിരുന്നു പാക് മാധ്യമങ്ങള്‍ ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. ക്വാഡ് സമ്മേളനത്തിന് ഇന്ത്യയിലെത്തുന്നതിനു മുന്‍പ് ട്രംപ് പാക്കിസ്ഥാനില്‍ സന്ദര്‍ശനം നടത്തുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടായിരുന്നു പാക്ക് ടിവി ചാനലുകള്‍ നല്‍കിയിരുന്നത്. എന്നാല്‍, ഇതേപ്പറ്റി അറിവില്ലെന്നാണ് പാക്ക് വിദേശകാര്യ വക്താവ് പ്രതികരിച്ചത്. ഒന്നും പറയാനില്ലെന്ന് ഇസ്ലാമാബാദിലെ യുഎസ് എംബസി വക്താവും പറഞ്ഞതോടെ വാര്‍ത്ത പിന്‍വലിച്ച് ഒരു ടെലിവിഷന്‍ ചാനല്‍ മാപ്പ് പറയുകയും ചെയ്തു.
ഇന്ത്യ, യുഎസ്, ഓസ്‌ട്രേലിയ, ജപ്പാന്‍ എന്നിവയുള്‍പ്പെട്ട ക്വാഡ് കൂട്ടായ്മയുടെ അടുത്ത ഉച്ചകോടി ഇന്ത്യയിലാണു നടക്കുന്നത്. ഇതില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. അതേസമയം, ക്വാഡ് സമ്മേളനത്തിന്റെ തീയതി തീരുമാനമായിട്ടില്ല.