
വാഷിങ്ടന്‍ : അടുത്ത വര്‍ഷം ആദ്യം താന്‍ ചൈന സന്ദര്‍ശിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പിന്നാലെ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് യുഎസ് സന്ദര്‍ശിക്കുമെന്നും ട്രംപ് സമൂഹമാധ്യമത്തില്‍ കുറിച്ചു. ഷി ചിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ചശേഷമായിരുന്നു ട്രംപിന്റെ പ്രതികരണം. ഇരുവരും അടുത്ത മാസം ദക്ഷിണ കൊറിയയില്‍ നടക്കുന്ന അപെക്ക് (ഏഷ്യ-പസഫിക് സാമ്പത്തിക ഇക്കണോമിക് കോഓപ്പറേഷന്‍) യോഗത്തില്‍ വച്ച് കൂടിക്കാഴ്ച നടത്തുമെന്നും ട്രംപ് പറഞ്ഞു. വ്യാപാര തര്‍ക്കം തുടരുന്നതിനിടെയാണ് ഡോണള്‍ഡ് ട്രംപും ഷി ചിന്‍പിങ്ങും തമ്മില്‍ കൂടിക്കാഴ്ചയ്ക്ക് വഴിയൊരുങ്ങുന്നത്.
ഷി ചിന്‍പിങ്ങുമായി ഫലപ്രദമായ സംഭാഷണം നടന്നതായാണ് ട്രംപ് പറഞ്ഞത്. മാത്രമല്ല, വ്യാപാരം, റഷ്യ യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യം എന്നിവയുള്‍പ്പെടെ മറ്റു നിരവധി സുപ്രധാന വിഷയങ്ങളില്‍ പുരോഗതി കൈവരിച്ചെന്നും ട്രംപ് പറഞ്ഞു.
അതേസമയം, ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള വിഡിയോ ആപ്പായ ടിക് ടോക്കിന്റെ ഉടമസ്ഥാവകാശം യുഎസ് കമ്പനിക്കു കൈമാറാനുള്ള ധാരണയ്ക്കും ചര്‍ച്ചയില്‍ അംഗീകാരമായി. ടിക് ടോക്ക് യുഎസിലെ ഏതെങ്കിലും കമ്പനിക്കു കൈമാറിയാലേ പ്രവര്‍ത്തനാനുമതിയുള്ളൂ എന്ന് യുഎസ് നിബന്ധന വച്ചിരുന്നതിനാലാണ് നീക്കം.









