
ദോഹ: യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഗാസ പുനര്‍നിര്‍മ്മാണ പദ്ധതി പലസ്തീന്‍ പ്രദേശം കൈവശപ്പെടുത്താനും അവിടുത്തെ ജനങ്ങളെ കുടിയിറക്കാനുമുള്ളതാണെന്ന് ഹമാസ് വക്താവ് ഹസീം ഖാസിം മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ നിന്നുള്ള പലസ്തീനികളുടെ കുടിയിറക്കത്തെ നേരിടാന്‍ ‘അടിയന്തര അറബ് ഉച്ചകോടി’ നടത്തണമെന്നും ഖാസിം വ്യാഴാഴ്ച ആവശ്യപ്പെട്ടു.
‘യുഎസ് ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള ട്രംപിന്റെ പരാമര്‍ശങ്ങള്‍ പ്രദേശം കൈവശപ്പെടുത്താനുള്ള ഉദ്ദേശ്യത്തിന്റെ തുറന്ന പ്രഖ്യാപനത്തിന് തുല്യമാണെന്നും ട്രംപിന്റെ പ്രസ്താവനകളെ ‘തികച്ചും അസ്വീകാര്യം’ എന്നുമാണ് ഹമാസ് വക്താവ് വിളിച്ചത്.
‘ഗാസ അവിടുത്തെ ജനങ്ങള്‍ക്കുള്ളതാണ്, അവര്‍ പോകില്ല, ഗാസ മുനമ്പ് നിയന്ത്രിക്കാന്‍ ഞങ്ങള്‍ക്ക് ഒരു രാജ്യത്തിന്റെയും ആവശ്യമില്ല, ഒരു അധിനിവേശം മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കുന്നത് ഞങ്ങള്‍ അംഗീകരിക്കുന്നില്ല. ട്രംപ് പദ്ധതി നിരസിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ അറബ് ജനതയോടും അന്താരാഷ്ട്ര സംഘടനകളോടും ഞങ്ങള്‍ ആവശ്യപ്പെടുന്നു’- ഖാസിം പറഞ്ഞു.















