
വാഷിംഗ്ടൺ: വെനസ്വേലക്കെതിരായ യുഎസ് ഭീഷണികൾ ശക്തമായതോടെ അടിയന്തര സൈനിക നടപടി ഉണ്ടാകാനുള്ള സാധ്യത വർധിക്കുന്നു. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് കാരക്കാസ് ഭരണകൂടത്തിന് മേൽ സമ്മർദ്ദം ചെലുത്തുകയും പടിഞ്ഞാറൻ അർദ്ധഗോളത്തിൽ തന്‍റെ അധികാരം പ്രയോഗിക്കുകയും ചെയ്യുന്നതിനിടെയാണ് ഈ നീക്കം. പ്രസിഡന്‍റിന്‍റെ ഓരോ പൊതുസൂചനയും മുന്നറിയിപ്പും യുഎസ് സൈനിക നീക്കത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. പുതിയ വിദേശ യുദ്ധങ്ങളോടുള്ള പൊതുജനത്തിൻ്റെ എതിർപ്പ് കണക്കിലെടുക്കുമ്പോൾ, ഈ സൈനിക ഏറ്റുമുട്ടൽ വലിയൊരു രാഷ്ട്രീയ സാഹസം ആയിരിക്കും.
എന്നാൽ, യുഎസ് ഒരു സൈനിക പോരാട്ടത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന സൂചനകളാണ് നിലവിലുള്ളത്. വെനസ്വേലയ്ക്കെതിരായ സമ്മർദ്ദം യുഎസ് ഭരണകൂടം ശക്തമാക്കുന്നതിന്‍റെ ഭാഗമായി, രാജ്യത്തിൻ്റെ അടുത്ത നടപടികൾ ചർച്ച ചെയ്യുന്നതിനായി പ്രസിഡന്‍റ് ഡോണൾഡ് വൈറ്റ് ഹൗസിൽ ഒരു കൂടിക്കാഴ്ച നടത്തുമെന്ന് സ്ഥിരീകരണം. ട്രംപിൻ്റെ കാബിനറ്റിലെയും ദേശീയ സുരക്ഷാ ടീമിലെയും പ്രധാന അംഗങ്ങൾ യോഗത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ജോയിൻ്റ് ചീഫ്സ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ എന്നിവർക്ക് പുറമെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് സൂസി വൈൽസ്, ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫൻ മില്ലർ എന്നിവരും യോഗത്തിൽ പങ്കെടുക്കും. ഓവൽ ഓഫീസിൽ യോഗം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മയക്കുമരുന്ന് കപ്പലുകൾക്ക് നേരെയുള്ള ആക്രമണങ്ങളിലൂടെയും കരീബിയൻ കടലിൽ സൈനിക വിന്യാസം വർദ്ധിപ്പിച്ചുകൊണ്ടും യുണൈറ്റഡ് സ്റ്റേറ്റ്സ് വെനസ്വേലക്കുമേൽ സമ്മർദ്ദം വർദ്ധിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിർണ്ണായക യോഗം. ഈ യോഗത്തിലെ തീരുമാനങ്ങൾ വെനസ്വേലയുടെ ഭാവിയെക്കുറിച്ചുള്ള ട്രംപ് ഭരണകൂടത്തിൻ്റെ നിലപാട് വ്യക്തമാക്കുന്നതിൽ നിർണ്ണായകമാകും.















