
വാഷിങ്ടണ്‍: സുനാമി മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയുടെ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിർദേശവുമായി സാന്‍ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യയുടെ കോണ്‍സുലേറ്റ് ജനറല്‍. റഷ്യയിലെ കംചട്ക ഉപദ്വീപിലുണ്ടായ അതിശക്തമായ ഭൂചലനത്തിന് പിന്നാലെയാണ് വിവിധരാജ്യങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അധികൃതര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
കാലിഫോര്‍ണിയയിലെയും മറ്റ് പടിഞ്ഞാറന്‍ തീര സംസ്ഥാനങ്ങളിലെയും ഹവായിയിലെയും ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പുലര്‍ത്താനും അമേരിക്കന്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കാനുമാണ് കോണ്‍സുലേറ്റ് നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.
യുഎസ് അധികൃതരില്‍നിന്ന് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കണം, സുനാമി മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നപക്ഷം ഉയര്‍ന്ന പ്രദേശത്തേക്ക് മാറണം, തീരപ്രദേശങ്ങള്‍ ഒഴിവാക്കണം, അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സന്നദ്ധരായിരിക്കണം, ഉപകരണങ്ങള്‍ ചാര്‍ജ് ചെയ്ത് സൂക്ഷിക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ പൗരന്മാര്‍ക്കായി പുറപ്പെടുവിച്ചിട്ടുള്ളത്.