
വാഷിംഗ്ടൺ: യുഎസ് പടിഞ്ഞാറൻ തീരത്ത് ആഞ്ഞടിച്ച് സുനാമി തിരമാലകൾ. വാഷിംഗ്ടൺ, ഒറിഗോൺ, കാലിഫോർണിയ തീരങ്ങളിലാണ് തിരമാലകൾ ആഞ്ഞടിച്ചത്.
ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ സുനാമി തിരമാലകളുടെ ഉയരം ഇങ്ങനെയാണ്:
കാലിഫോർണിയയിലെ അരീന കോവ്: 1.6 അടി
കാലിഫോർണിയയിലെ ക്രസന്റ് സിറ്റി: 1.5 അടി
കാലിഫോർണിയയിലെ മോണ്ടെറി: 1.4 അടി
വടക്കൻ കാലിഫോർണിയ തീരത്ത് സുനാമി മുന്നറിയിപ്പ് ഇപ്പോഴും നിലനിൽക്കുന്നുണ്ട്. സാൻ ഫ്രാൻസിസ്കോ ബേ ഏരിയ ഉൾപ്പെടെയുള്ള കാലിഫോർണിയൻ തീരത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ഒറിഗോൺ, വാഷിംഗ്ടൺ തീരങ്ങളിലും സുനാമി മുന്നറിയിപ്പ് തുടരുകയാണ്. പ്രാഥമിക തിരമാലകൾക്ക് ശേഷവും മണിക്കൂറുകളോളം അപകടകരമായ പ്രവാഹങ്ങൾക്കും അധിക തിരമാലകൾക്കും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അലേർട്ടുകൾ പിൻവലിക്കുന്നത് വരെ ബീച്ചുകൾ, തുറമുഖങ്ങൾ, പിയറുകൾ എന്നിവിടങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. ഹവായിയിലെ ഓഹുവിലെ നോർത്ത് ഷോറിലുള്ള ഹലേവ ബോട്ട് ഹാർബറിലെ പാർക്കിംഗ് ലോട്ടിലേക്ക് വെള്ളം കയറുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പാർക്കിംഗ് ലോട്ടിൽ ആളുകൾ കുറവായിരുന്നെങ്കിലും കുറച്ച് വാഹനങ്ങൾ അതിലൂടെ പോകുന്നതും രണ്ട് മോട്ടോർ ബോട്ടുകൾ അടുത്ത് നിർത്തിയിട്ടിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
നേരത്തെ ഹലേവയിൽ നാല് അടി ഉയരമുള്ള സുനാമി തിരമാല ആഞ്ഞടിച്ചിരുന്നു. ഉടൻ നടപടിയെടുക്കാൻ ഓഹു അധികൃതർ താമസക്കാർക്ക് നിർദേശം നൽകി. കോസ്റ്റ് ഗാർഡ് കപ്പലുകൾ കടലിലേക്ക് പോകുന്നതും അടിയന്തര സൈറണുകൾ മുഴങ്ങുന്നതും പുറത്ത് വന്ന വീഡിയോകളിൽ കാണാം. ഹോണോലുലുവിലെ താമസക്കാർ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറിയിട്ടുണ്ട്.