
ചെന്നൈ : തമിഴക വെട്രി കഴകം (ടിവികെ) വില്ലുപുരം ബ്രാഞ്ച് സെക്രട്ടറി ആത്മഹത്യ ചെയ്തു. നടനും ടിവികെ അധ്യക്ഷനുമായ വിജയ്യുടെ റാലിക്കിടെ കരൂരില്‍ 41പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണം പുരോഗമിക്കവേയാണ് ബ്രാഞ്ച് സെക്രട്ടറിയുടെ ആത്മഹത്യ. 52കാരനായ വി.അയ്യപ്പനാണ് ആത്മഹത്യാ കുറിപ്പ് എഴുതിവച്ചശേഷം വീട്ടില്‍ ജീവനൊടുക്കിയത്.
20 വര്‍ഷമായി വിജയ് ഫാന്‍സ് അസോസിയേഷനില്‍ അംഗമായ അയ്യപ്പന്‍ ദുരന്തത്തെ തുടര്‍ന്ന് മാനസിക വിഷമത്തിലായിരുന്നുവെന്നാണ് വിവരം. ആത്മഹത്യാ കുറിപ്പില്‍ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിക്കെതിരെ പരാമര്‍ശമുണ്ട്. റാലിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.
അതിനിടെ, കരൂർ റാലിയിലുണ്ടായ ദുരന്തത്തിൽ ആദ്യ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടി വി കെ കരൂർ വെസ്റ്റ് ജില്ലാ സെക്രട്ടറി മതിയഴകനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ കഴിയുന്നതിനിടെയാണ് മതിയഴകൻ പിടിയിലായത്. മനപ്പൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ അഞ്ചു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കേസിൽ വിജയ്‍യെ പ്രതി സ്ഥാനത്തു നിർത്തി ഭാരവാഹികളെ അറസ്റ്റ് ചെയ്യുകയാണ് പൊലീസ്.