കാര്‍ മരത്തില്‍ ഇടിച്ച് മറിഞ്ഞ് അപകടം ; യു.എസില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു, വിടപറഞ്ഞത് ക്ലീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികള്‍

വാഷിംഗ്ടണ്‍: യുഎസിലെ ലങ്കാസ്റ്റര്‍ കൗണ്ടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു. ഒഹായോയിലെ ക്ലീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായിരുന്നു 23 കാരനായ സൗരവ് പ്രഭാകറും 20 കാരനായ മാനവ് പട്ടേലുമാണ് മരിച്ചത്. മെയ് 10 നായിരുന്നു അപകടമുണ്ടായത്. ലങ്കാസ്റ്റര്‍ കൗണ്ടിയിലെ പെന്‍സില്‍വാനിയ ടേണ്‍പൈക്കില്‍വെച്ച് വാഹനം റോഡില്‍ നിന്ന് തെന്നിമാറി ഒരു മരത്തിലിടിച്ച് മറിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തുകയും കുടുംബങ്ങള്‍ക്ക് പിന്തുണ ഉറപ്പ് നല്‍കുകയും ചെയ്തു.

‘ക്ലീവ്ലാന്‍ഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ രണ്ട് ഇന്ത്യന്‍ വിദ്യാര്‍ത്ഥികളായ മാനവ് പട്ടേലും സൗരവ് പ്രഭാകറും കൊല്ലപ്പെട്ട നിര്‍ഭാഗ്യകരമായ റോഡപകടത്തെക്കുറിച്ച് അറിഞ്ഞതില്‍ അതിയായ ദുഃഖമുണ്ട്. ഈ സമയത്ത് ഞങ്ങളുടെ പ്രാര്‍ത്ഥനകളും ചിന്തകളും അവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ്- കോണ്‍സുലേറ്റ് എക്‌സില്‍ കുറിച്ചു.