‘വിസ ദുരുപയോഗം വെച്ചുപൊറുപ്പിക്കില്ല’: ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വൈറല്‍ വീഡിയോയ്ക്ക് യുഎസ് എംബസിയുടെ മുന്നറിയിപ്പ്‌

ന്യൂഡല്‍ഹി : അമേരിക്കയിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് ‘വിസ ദുരുപയോഗമോ രാജ്യത്തേക്കുള്ള നിയമവിരുദ്ധ പ്രവേശനമോ അനുവദിക്കില്ല’ എന്ന് എംബസി ഒരു പ്രസ്താവനയില്‍ പറഞ്ഞു.

ന്യൂജേഴ്സിയിലെ നേവര്‍ക്ക് വിമാനത്താവളത്തില്‍ കൈകള്‍ ബന്ധിച്ച് കീഴ്‌പ്പെടുത്തിയ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ വൈറലായതിനെ തുടര്‍ന്നാണ് യുഎസിന്റെ ഭാഗത്തുനിന്നും ശക്തമായ മുന്നറിയിപ്പ് എത്തിയിരിക്കുന്നത്.

‘യുണൈറ്റഡ് സ്റ്റേറ്റ്‌സ് നമ്മുടെ രാജ്യത്തേക്ക് നിയമാനുസൃത യാത്രക്കാരെ സ്വാഗതം ചെയ്യുന്നത് തുടരുന്നു. എന്നിരുന്നാലും, നിയമവിരുദ്ധമായ പ്രവേശനം, വിസ ദുരുപയോഗം അല്ലെങ്കില്‍ യുഎസ് നിയമലംഘനം എന്നിവ ഞങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയില്ല, അനുവദിക്കുകയുമില്ല, ”എക്സിലെ പോസ്റ്റില്‍ എംബസി പറഞ്ഞു.

സംഭവം നേരില്‍ കണ്ട സംരംഭകന്‍ കുനാല്‍ ജെയിനാണ് എക്സില്‍ ദൃശ്യം പങ്കുവച്ചത്. ഇതോടെ ദൃശ്യങ്ങള്‍ വൈറലാകുകയും വലിയ ചര്‍ച്ചയാകുകയും ചെയ്തിരുന്നു.

യുവാവിനെ പൊലീസുകാര്‍ ക്രിമിനലിനെപ്പോലെ വിലങ്ങണിയിച്ച് കീഴ്‌പ്പെടുത്തി നിലത്തു കിടത്തിയിരിക്കുന്നതാണ് വീഡിയോയിലുള്ളത്. നേവര്‍ക്ക് വിമാനത്താവളത്തില്‍ നാടുകടത്താന്‍ എത്തിച്ച ചെറുപ്പക്കാരനായ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയാണിതെന്നാണ് കുനാല്‍ പറഞ്ഞത്. കരയുകയായിരുന്നുവെന്നും താന്‍ നിസ്സഹായനായിരുന്നുവെന്നും ഒരു എന്‍ ആര്‍ ഐ എന്ന നിലയില്‍ എന്റെ ഹൃദയം തകര്‍ന്നു പോയി’ എന്നും കുനാല്‍ വീഡിയോയ്‌ക്കൊപ്പം കുറിച്ചിരുന്നു. സംഭവത്തിന് അന്‍പതോളം പേര്‍ ദൃക്സാക്ഷികളായിരുന്നെന്നും യുവാവ് സംസാരിച്ച ഹരിയാന്‍വി ഭാഷ മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ലെന്നും കുനാല്‍ പിന്നീട് മാധ്യമങ്ങളോട് വിശദീകരിച്ചിരുന്നു.

More Stories from this section

family-dental
witywide