
ന്യൂഡല്‍ഹി: കുപ്രസിദ്ധ ഗുണ്ടാ ലോറന്‍സ് ബിഷ്ണോയിയുടെ സംഘവുമായി ബന്ധമുള്ളയാള്‍ ഉള്‍പ്പെടെ രണ്ടു ഗുണ്ടകളെ യുഎസിലെത്തി പിടികൂടി ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍. വിദേശത്ത് പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ ഇന്ത്യയിലെ മോസ്റ്റ് വാണ്ടഡ് ഗുണ്ടാസംഘത്തിലുള്‍പ്പെട്ടവരാണ്. വെങ്കിടേഷ് ഗാര്‍ഗ്, ഭാനു റാണ എന്നിവരാണ് പിടിയിലായിരിക്കുന്നത്. ജോര്‍ജിയയില്‍നിന്നാണ് വെങ്കിടേഷ് ഗാര്‍ഗിനെ അറസ്റ്റ് ചെയ്തത്. ഭാനു റാണയെ അമേരിക്കയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്. റാണയാണ് കുപ്രസിദ്ധ ലോറന്‍സ് ബിഷ്ണോയി സംഘവുമായി ബന്ധമുള്ളയാള്‍.
ഗാര്‍ഗ് ഹരിയാനയിലെ നാരായണ്‍ഗഢില്‍ താമസിക്കുന്നയാളാണ്. നിലവില്‍ ജോര്‍ജിയയില്‍ താമസിക്കുന്ന ഗാര്‍ഗിനെതിരെ ഇന്ത്യയില്‍ പത്തിലധികം ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാന, രാജസ്ഥാന്‍, ഡല്‍ഹി, വടക്കേ ഇന്ത്യയിലെ മറ്റ് ചില സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യുവാക്കളെ ഇയാള്‍ റിക്രൂട്ട് ചെയ്തതായാണ് വിവരം. ഗുരുഗ്രാമില്‍വെച്ച് ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി) നേതാവിനെ കൊലപ്പെടുത്തിയതിനു പിന്നാലെ ഇയാള്‍ ജോര്‍ജിയയിലേക്ക് കടക്കുകയായിരുന്നു.
ബിഷ്ണോയി സംഘവുമായി ബന്ധമുള്ള റാണ കുറച്ചുനാളായി യുഎസിലായിരുന്നു. കര്‍ണാല്‍ നിവാസിയായ റാണ വളരെക്കാലമായി ഗുണ്ടാസംഘങ്ങളുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു. ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി എന്നിവിടങ്ങളിലേക്ക് റാണയുടെ ക്രിമിനല്‍ ശൃംഖല വ്യാപിച്ചിരിക്കുന്നു. ഗാര്‍ഗിനെയും റാണയെയും ഉടന്‍ ഇന്ത്യയിലേക്ക് നാടുകടത്തും.
Two people, including a goon linked to the Bishnoi gang, arrested in the US.














