രാജ്യത്ത് ടൂവീലറുകളുടെ വില കൂടാൻ സാധ്യത; പുതിയ എബിഎസ് നിയമങ്ങൾ നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ

ഇരുചക്ര വാഹനങ്ങളുടെ സുരക്ഷയ്ക്കായി രാജ്യത്ത് ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം (എബിഎസ്) നിർബന്ധമാക്കാൻ ഒരുങ്ങി കേന്ദ്ര സർക്കാർ. 2026 ജനുവരി മുതൽ എല്ലാ പുതിയ ഇരുചക്ര വാഹനങ്ങളിലും ഈ നിയമം നടപ്പിലാക്കും. റോഡ് ഗതാഗത മന്ത്രാലയം ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാ​ഗമായാണ് ഈ നടപടി. പുതിയ ചട്ടങ്ങൾ പ്രകാരം അടുത്ത വർഷം മുതൽ എഞ്ചിൻ ശേഷി പരിഗണിക്കാതെ തന്നെ എല്ലാ പുതിയ സ്കൂട്ടറുകൾക്കും മോട്ടോർ സൈക്കിളുകൾക്കും എബിഎസ് നിർബന്ധമാക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആന്‍റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം അല്ലെങ്കിൽ എബിഎസ്, പെട്ടെന്നുള്ളതും കഠിനവുമായ ബ്രേക്കിംഗ് സമയത്ത് വീൽ ലോക്ക്-അപ്പ് തടയുന്നു. ഇത് വാഹനം തെന്നിമറിയാനുള്ള സാധ്യത കുറയ്ക്കുന്നു. എബിഎസ് നിർത്തൽ ദൂരം കുറയ്ക്കാനും സഹായിക്കുന്നു. അപകട സാധ്യത 35 മുതൽ 45 ശതമാനം വരെ കുറയ്ക്കാൻ ഈ സുരക്ഷാ ഫീച്ച‍ സഹായിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. നിലവിലെ നിയമങ്ങൾ പ്രകാരം, 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് സിംഗിൾ-ചാനൽ എബിഎസ് അല്ലെങ്കിൽ ഫ്രണ്ട് വീലിൽ എബിഎസ് നിർബന്ധമാണ്. എങ്കിലും ചില കമ്പനിൾ 125 സിസി മോഡലുകളിൽ സിംഗിൾ-ചാനൽ എബിഎസ് വാഗ്ദാനം ചെയ്യുന്നു.

നിലവിൽ, 125 സിസിക്ക് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ നിർബന്ധിത സിംഗിൾ-ചാനൽ എബിഎസ് നിർബന്ധമാക്കിയിട്ടുള്ളൂ. അതുകൊണ്ട് തന്നെ 125 സിസിയിൽ താഴെയുള്ള ശേഷിയുള്ള ബൈക്കുകൾക്ക് എബിഎസ് നൽകിയാൽ രാജ്യത്ത് ഇരുചക്ര വാഹനങ്ങളുടെ വില 3 മുതൽ 5% വരെ വർദ്ധിച്ചേക്കാം.സിംഗിൾ-ചാനൽ എബിഎസിന്‍റെ അധിക ചെലവ് ഒരു വാഹനത്തിന് ഏകദേശം 3,000 രൂപയോളം വർദ്ധിക്കും. വാഹനത്തിന്റെ വിഭാഗത്തെ ആശ്രയിച്ച് ചില വ്യത്യാസങ്ങൾ ഉണ്ടാകാം. ഇന്ത്യൻ ഇരുചക്ര വാഹന വിപണിയുടെ വലിയൊരു ഭാഗം, ഏകദേശം 85 ശതമാനവും 125 സിസിയിൽ താഴെ ശേഷിയുള്ളതാണ്.

കൂടാതെ, ഇൻഷുറൻസ് അല്ലെങ്കിൽ കമ്പൈൻഡ് ബ്രേക്കിംഗ് സിസ്റ്റം (CBS) പോലുള്ള നിയന്ത്രണങ്ങൾ മൂലമുണ്ടായ ചെറിയ വിലവർദ്ധനവുകളും ഈ വിഭാഗത്തിലെ ആവശ്യകതയെ ബാധിച്ചിട്ടുണ്ട്. എബിഎസുമായി ബന്ധപ്പെട്ട വിലവർദ്ധനവ്, പ്രത്യേകിച്ച് എൻട്രി ലെവൽ മോഡലുകൾക്ക്, ആവശ്യകതയിൽ രണ്ട് ശതമാനം മുതൽ നാല് ശതമാനം വരെ കുറവുണ്ടാക്കുമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നത്. പുതിയ നിയമം സബന്ധിച്ച് സർക്കാർ ഇതുവരെ ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല, എന്നാൽ നിയമം പ്രാബല്യത്തിൽ വന്നാൽ, ഉയർന്ന ശേഷിയുള്ള ബൈക്കുകൾ മാത്രമല്ല, മുഴുവൻ ഇരുചക്ര വാഹന വിപണിക്കും ഇത് ബാധകമാകും. എങ്കിലും എബിഎസ് ഘടകങ്ങൾക്കായി ഉൽപ്പാദനം വർദ്ധിപ്പിക്കാൻ നിർമ്മാതാക്കൾക്ക് കൂടുതൽ സമയം ആവശ്യമായി വന്നേക്കാം. സമയപരിധി തുടരണോ അതോ ഇളവ് നൽകണോ എന്നത് സർക്കാരും വ്യവസായവും തമ്മിലുള്ള ചർച്ചകൾക്ക് അനുസൃതമായിരിക്കും

റോഡപകടങ്ങളും മരണങ്ങളും കുറയ്ക്കുന്നതിനുള്ള ഭാഗമായാണ് ഈ സുരക്ഷാ ആവശ്യകതയെന്ന് റോഡ് സുരക്ഷ, ഹൈവേ മന്ത്രാലയം പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ പറയുന്നത്. വിൽപ്പന സമയത്ത് ഓരോ ഇരുചക്രവാഹനത്തിനൊപ്പം നിർമ്മാതാക്കളും ഇരുചക്രവാഹന ഡീലർമാരും രണ്ട് ബിഐഎസ് സാക്ഷ്യപ്പെടുത്തിയ ഹെൽമെറ്റുകൾ നൽകണമെന്ന് മന്ത്രാലയം നിർബന്ധമാക്കും. ഈ രണ്ട് ചട്ടങ്ങളുടെയും ഔദ്യോഗിക വിജ്ഞാപനം ഏതാനും ദിവസങ്ങൾക്കുള്ളിൽ പ്രഖ്യാപിക്കും എന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയിലെ റോഡപകട മരണങ്ങളിൽ ഏകദേശം 44 ശതമാനവും ഇരുചക്ര വാഹനം ഉപയോ​ഗിക്കുന്നവരാണ്. ഇതിൽ പല മരണങ്ങളും ഹെൽമെറ്റ് ധരിക്കാത്തതിനാൽ തലയ്ക്ക് പരിക്ക് പറ്റുന്നത് മൂലമാണ് എന്നാണ് റിപ്പോ‍ട്ടുകൾ. ഇന്ത്യൻ റോഡുകളിലെ ഗതാഗതത്തിന്റെ വ്യാപ്തിയും, വർഷം തോറും ദശലക്ഷക്കണക്കിന് പുതിയ വാഹനങ്ങൾ കൂടുന്നതും കാരണം റോഡ് സുരക്ഷാ ഡ്രൈവ് ഏറെ ആവശ്യമായ ഒന്നാണ്. ഇരുചക്ര വാഹനങ്ങളുടെ സുരക്ഷ മെച്ചപ്പെടുത്താൻ എബിഎസ് ഏറെ സഹായപ്രദമാണ്.