
പുതുപ്പള്ളി: മുന്‍ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് രണ്ട് വർഷം. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍ കുര്‍ബാനയും ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. കെപിസിസി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഉമ്മന്‍ചാണ്ടി സ്മൃതി സംഗമം പള്ളി ഗ്രൗണ്ടില്‍ നടക്കും.
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് സ്മൃതിസംഗമത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കുക. ചടങ്ങിൽ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് അധ്യക്ഷത വഹിക്കും. ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷമായിരിക്കും രാഹുല്‍ ഗാന്ധി സ്മൃതി സംഗമം വേദിയിൽ എത്തുക.
ചടങ്ങിൽ ഉമ്മന്‍ചാണ്ടി ഫൗണ്ടേഷന്‍ നിര്‍മ്മിച്ചു നല്‍കുന്ന 12 വീടുകളുടെ താക്കോല്‍ കൈമാറ്റവും കെപിസിസി ആരംഭിക്കുന്ന ജീവകാരുണ്യ പദ്ധതി സ്മൃതി തരംഗത്തിന്റെ ഉദ്ഘാടനവും രാഹുല്‍ ഗാന്ധി നിര്‍വഹിക്കും. ഉമ്മന്‍ചാണ്ടി നടപ്പിലാക്കിയ ‘ശ്രുതിതരംഗം’ പദ്ധതിയുടെ രണ്ടാം ഘട്ടമാണിത്. ശേഷം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയെ വഴുതക്കാട്ടിലുള്ള വസതിയില്‍ എത്തി രാഹുല്‍ഗാന്ധി സന്ദർശിക്കും. ഏറെ കാലത്തിന് ശേഷമാണ് ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്.