ഫിലിപ്പീൻസിൽ ആഞ്ഞടിച്ച് അതിശക്തമായ ടൈഫൂൺ റഗാസ കൊടുങ്കാറ്റ്; വൻ നാശനഷ്ടം, ഹോങ്കോങ്, തായ്‌വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളും അതീവ ജാഗ്രതയിൽ

ഫിലിപ്പീൻസിൻ്റെ വടക്കൻ പ്രദേശങ്ങളിൽ ആഞ്ഞടിച്ച് ഏറ്റവും ശക്തമായ കൊടുങ്കാറ്റായ ടൈഫൂൺ റഗാസ. കൊടുങ്കാറ്റിൽ വൻ നാശനഷ്ടങ്ങളാണ് പ്രദേശത്ത് സംഭവിച്ചിരിക്കുന്നത്. ഫിലിപ്പീൻസിൽ നാൻഡോ എന്ന് വിളിക്കപ്പെടുന്ന ഈ കൊടുങ്കാറ്റ്, തിങ്കളാഴ്ച കാഗയാൻ പ്രവിശ്യയിലെ പനുയിറ്റാൻ ദ്വീപിലാണ് കരതൊട്ടത്. മണിക്കൂറിൽ 267 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റും കനത്ത മഴയും കൊടുങ്കാറ്റും വലിയ നാശമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ഫിലിപ്പീൻസിന്റെ കാലാവസ്ഥാ ഏജൻസിയായ പഗാസ അറിയിച്ചു. പതിനായിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിച്ചു.

ഫിലിപ്പീൻസിന്റെ കാലാവസ്ഥാ ഏജൻസി വടക്കൻ ബാബുയൻ ദ്വീപുകൾക്ക് ഏറ്റവും ഉയർന്ന ട്രോപ്പിക്കൽ സൈക്ലോൺ കാറ്റ് സിഗ്നൽ നമ്പർ 5 പുറപ്പെടുവിച്ചതിന് പിന്നാലെ വിവിധ മേഖലകളിൽ നിന്നും പതിനായിരങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിനാശകരമായ സാഹചര്യങ്ങളും ജീവന് ഭീഷണിയുമുള്ള അപകടസാധ്യതയുള്ളതിനാൽ ഇവിടങ്ങളിലുള്ളവർ സർക്കാർ മുന്നറിയിപ്പുകൾ പാലിക്കണമെന്ന് നിർദേശമുണ്ട്. ലൂസോൺ മേഖലയിൽ മാത്രം 10000 ലധികം ആളുകളെ ഒഴിപ്പിച്ചതായി ഫിലിപ്പീൻസ് ആഭ്യന്തര, പ്രാദേശിക ഭരണ വകുപ്പ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. ‘വീടുകളും സ്വത്തുക്കളും പുനർനിർമ്മിക്കാം, പക്ഷേ നഷ്ടപ്പെട്ട ജീവനുകൾ ഒരിക്കലും തിരികെ കൊണ്ടുവരാനാകില്ല’- എന്ന ഓർമ്മപ്പെടുത്തലും അധികൃതർ നടത്തിയിട്ടുണ്ട്. ഇവിടങ്ങളിൽ താമസിക്കുന്നവർ ഒഴിപ്പിക്കൽ മുന്നറിയിപ്പുകൾ അനുസരിക്കണമെന്നും അധികൃതരുടെ കർശന നിർദേശമുണ്ട്.

വടക്കൻ ലൂസോൺ മേഖലയിൽ 400 മില്ലിമീറ്ററിൽ അധികം മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ വെള്ളപ്പൊക്കത്തിനും ഉരുൾപൊട്ടലിനും കാരണമായേക്കാം. ടൈഫൂൺ റഗാസയുടെ പശ്ചാത്തലത്തിൽ 315 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ഉണ്ടാകും. തീരപ്രദേശങ്ങളിലും മലയോര മേഖലകളിലും കാറ്റിന്റെ ശക്തി കൂടുതലായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഹോങ്കോങ്ങിൽ നിന്ന് 1000 കിലോമീറ്റർ കിഴക്ക് – തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ഈ കൊടുങ്കാറ്റ് മണിക്കൂറിൽ 23 കിലോമീറ്റർ വേഗതയിൽ പടിഞ്ഞാറോട്ട് നീങ്ങുകയാണ്.

കൊടുങ്കാറ്റിനെ തുടർന്ന് ഫിലിപ്പീൻസിന് പുറമേ ഹോങ്കോങ്, തായ്‌വാൻ, ചൈന തുടങ്ങിയ രാജ്യങ്ങളും അതീവ ജാഗ്രതയിലാണ്. ഈ രാജ്യങ്ങളെല്ലാം അതിശക്തമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഫിലിപ്പീൻസിലെ ബടാനെസ്, ബാബുയാൻ ദ്വീപുകൾ, കിഴക്കൻ തായ്‌വാൻ, തെക്കൻ ചൈന, വിയറ്റ്നാം , ഹോങ്കോങ്, മകാവു, ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യ എന്നിവിടങ്ങളിലെല്ലാം വലിയ നാശം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇവിടങ്ങളിലെ തീരപ്രദേശങ്ങളിൽ അതിശക്തമായ തിരമാലകൾ ഉണ്ടാകുമെന്നും മുന്നറിയിപ്പുണ്ട്.

More Stories from this section

family-dental
witywide