മയക്കുമരുന്ന് കാർട്ടൽ ബോട്ടിൽ യുഎസ് സൈനികാക്രമണം, ആദ്യമായി ആളുകൾ രക്ഷപ്പെട്ടു, സ്ഥിരീകരണം; വെനിസ്വേലയിൽ സിഐഎയെ നിയോഗിച്ച് ട്രംപ്

വാഷിംഗ്ടൺ: കരീബിയൻ കടലിലെ അന്താരാഷ്ട്ര ജലമേഖലയിൽ വെനിസ്വേലൻ മയക്കുമരുന്ന് കാർട്ടലുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബോട്ടിൽ യുഎസ് സൈന്യം വ്യാഴാഴ്ച ആക്രമണം നടത്തിയതായി യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഈ ആക്രമണത്തിൽ ആദ്യമായി രക്ഷപ്പെട്ടവർ ഉണ്ടായിട്ടുണ്ട്. ട്രംപ് ഭരണകൂടം വെനിസ്വേലൻ മയക്കുമരുന്ന് കാർട്ടലുകളുമായി ബന്ധമുള്ള ബോട്ടുകൾക്ക് നേരെ അന്താരാഷ്ട്ര ജലമേഖലയിൽ നടത്തുന്ന അഞ്ചാമത്തെ ആക്രമണമാണിത്. മുമ്പ് നടന്ന നാല് ആക്രമണങ്ങളിലായി 21 പേർ കൊല്ലപ്പെട്ടിരുന്നു, ആരും രക്ഷപ്പെട്ടിരുന്നില്ല. ഈ സൈനിക നടപടികളെക്കുറിച്ച് വൈറ്റ് ഹൗസ് ആവശ്യമായ വിവരങ്ങൾ നൽകുന്നില്ലെന്ന ആശങ്ക യുഎസ് നിയമനിർമ്മാതാക്കൾക്കിടയിൽ വർധിക്കുന്നതായി എൻബിസി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

വെനിസ്വേലയിൽ സിഐഎയെ ഉപയോഗിച്ച് താൻ ചില നടപടികൾക്ക് അനുമതി നൽകിയെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ബുധനാഴ്ച ഒരു അസാധാരണമായ വെളിപ്പെടുത്തൽ നടത്തിയിരുന്നു. ഏത് തരത്തിലുള്ള നടപടികളാണ് സിഐഎയ്ക്ക് ട്രംപ് നൽകിയത് എന്നതിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചിട്ടില്ല. “എന്തിനാണ് നിങ്ങൾ സിഐഎയെ വെനിസ്വേലയിൽ ഇടപെടാൻ അധികാരപ്പെടുത്തിയത്?” എന്ന മാധ്യമപ്രവർത്തകൻ ചോദിച്ചിരുന്നു.

“രണ്ട് കാരണങ്ങൾ കൊണ്ടാണ് ഞാൻ അനുമതി നൽകിയത്. ഒന്നാമതായി, അവർ (വെനിസ്വേല) അവിടുത്തെ ജയിലുകൾ കാലിയാക്കി അമേരിക്കയിലേക്ക് ആളുകളെ അയച്ചു. രണ്ടാമതായി, മയക്കുമരുന്നാണ് കാരണം. വെനിസ്വേലയിൽ നിന്ന് ധാരാളം മയക്കുമരുന്ന് നമ്മുടെ രാജ്യത്തേക്ക് വരുന്നുണ്ട്.” ഇങ്ങനെയായിരുന്നു ഡോണൾഡ‍് ട്രംപിന്‍റെ മറുപടി.

More Stories from this section

family-dental
witywide