
ദുബായ്: യുഎസിൽ വമ്പൻ നിക്ഷേപത്തിന് തയാറെടുത്ത് യുഎഇ. അടുത്ത പത്ത് വർഷത്തിനുള്ളില്‍ അമേരിക്കയില്‍ 1.4 ട്രില്യൺ ഡോളറിന്റെ നിക്ഷേപം നടത്താനാണ് യുഎഇ പദ്ധതിയിടുപന്നത്. പ്രഖ്യാപനം നടപ്പിലാകുകയാണെങ്കില്‍ അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിദേശ നിക്ഷേപമായി ഈ നീക്കം മാറും. യു എ ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്നൂൺ ബിൻ സായിദും യു എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും തമ്മിൽ വൈറ്റ് ഹൗസിൽ നടന്ന ഉന്നതതല കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇതിന് ശേഷമാണ് ഈ വമ്പൻ പ്രഖ്യാപനം വന്നിട്ടുള്ളത്. കൃത്രിമബുദ്ധി, ഊർജ്ജം, ഉൽപ്പാദനം എന്നീ മേഖലകളില്‍ സഹകരണം ശക്തമാക്കിയാണ് ഇത്തരമൊരു കരാറിലേക്ക് ഇരു രാജ്യങ്ങളും എത്തിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. വൈസ് പ്രസിഡന്റ് വാൻസും നിരവധി കാബിനറ്റ് അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു. യു എ ഇ സോവറിൻ വെൽത്ത് ഫണ്ടുകളിൽ നിന്നും പ്രമുഖ കോർപ്പറേഷനുകളിൽ നിന്നുമുള്ള ഉന്നത എക്സിക്യൂട്ടീവുകളും ഷെയ്ഖ് തഹ്നൂൺ ബിൻ സായിദിന്റെ സംഘത്തിലുണ്ടായിരുന്നു.
അമേരിക്കന്‍ സന്ദര്‍ശന വേളയില്‍ തഹ്നൂന്‍ മൈക്രോസോഫ്റ്റുമായി കരാറില്‍ ഒപ്പുവച്ചിരുന്നു. അതേസമയം എന്‍വിഡിയയുടെയും എലോണ്‍ മസ്‌കിന്റെയും xAI, അബൂദബിയിലെ MGX, മൈക്രോസോഫ്റ്റ് എന്നിവയുടെ പിന്തുണയോടെ 30 ബില്യണ്‍ ഡോളറിന്റെ ബ്ലാക്കറോക്ക് എഐ ഇന്‍ഫ്രാസ്ട്രക്ചര്‍ പങ്കാളിത്തത്തില്‍ ചേരാനും സമ്മതം അറിയിച്ചിരുന്നു.