
കോട്ടയം: എല്‍.ഡി.എഫിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത് ഒരിക്കല്‍കൂടി ജില്ലയില്‍ യുഡിഎഫിന്റെ ആധിപത്യം. ഉമ്മൻ ചാണ്ടിയുടെ തട്ടകമായിരുന്ന പുതുപ്പള്ളി നിയോജകമണ്ഡലത്തിലെയും കെ.എം മാണിയുടെ സ്വന്തം പാലായിലും വന്‍ വിജയം നേടിയാണ് യുഡിഎഫ് തിരിച്ചുവന്നത്. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ എട്ടിൽ ഏഴ് പഞ്ചായത്തുകളിലും യു.ഡി.എഫ് മുന്നിലെത്തി. പാല നിയോജക മണ്ഡലത്തിന് കീഴിലെ 12 പഞ്ചായത്തുകളിൽ പത്തിലും പാല നഗരസഭയിലും മുന്നിലെത്താനും യുഡിഎഫിന് സാധിച്ചു.
കോട്ടയത്തെ ആറ് നഗരസഭകളിലും പതിനൊന്നില്‍ ഒന്‍പത് ബ്ലോക്ക് പഞ്ചായത്തുകളിലും ഭൂരിഭാഗം ഗ്രാമപഞ്ചായത്തുകളും ഭരണം പിടിച്ച യുഡിഎഫ് ഇടവേളയ്ക്ക് ശേഷം ജില്ലാപഞ്ചായത്തിലും ഭരണത്തിലേറി. കേരള കോണ്‍ഗ്രസ് എമ്മിന്റെ പിന്തുണയില്ലാതെ കോട്ടയം യുഡിഎഫ് കോട്ടയാണെന്ന് തെളിയിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കേരള കോണ്‍ഗ്രസ് എമ്മിന്റെ ബലത്തിലാണ് യുഡിഎഫ് കോട്ട എല്‍ഡിഎഫ് പിടിച്ചെടുത്തത്
ഫലം വിലയിരുത്തുമ്പോൾ ആറ് മുൻസിപ്പാലിറ്റികളിൽ ആറിലും യുഡിഎഫിന് ഭരണം ലഭിച്ചേക്കാം എന്ന സ്ഥതിയാണ്. ഏറ്റുമാനൂർ, കോട്ടയം, വൈക്കം, ഇരാറ്റുപേട്ട മുൻസിപ്പാലിറ്റികളിൽ യുഡിഎഫ് ഭരണം പിടിച്ചപ്പോൾ പാലയിലും ചങ്ങനാശ്ശേരിയിലും സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം എന്ന സ്ഥിതിയാണ്.
പാല നിയോജകമണ്ഡലത്തിലെ പഞ്ചായത്തുകളിൽ കേരള കോൺഗ്രസിന്റെ വെല്ലുവിളി അതിജീവിച്ച് ഉജ്ജ്വല വിജയമാണ് യുഡിഎഫ് നേടിയത്. കടനാട്, കരൂർ, കൊഴുവനാൽ, മീനച്ചിൽ, എലിക്കുളം പഞ്ചായത്തുകൾ യുഡിഎഫ് പിടിച്ചെടുത്തു. ഭരണങ്ങാനം, മേലുകാവ്, മൂന്നിലവ്, രാമപുരം, തലപ്പലം പഞ്ചായത്തുകൾ നിലനിർത്തി. തലനാട് പഞ്ചായത്ത് എൽഡിഎഫ് നിലനിർത്തിയപ്പോൾ മുത്തോലി എൻഡിഎയുടെ കൈയ്യിൽനിന്ന് അവർ പിടിച്ചെടുത്തു.
ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് എമ്മിനും പി.ജെ. ജോസഫ് നയിക്കുന്ന കേരള കോൺഗ്രസിനും ഈ തദ്ദേശ തിരഞ്ഞെടുപ്പ് ഒരു ബലപീക്ഷണമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയശക്തി എത്രയെന്നു തെളിയിക്കാനുള്ള അവസരം. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിന് മുൻപായി എൽഡിഎഫിലെത്തിയ കേരള കോൺഗ്രസ് എം, മുന്നണിയുടെ ജയത്തിന് നൽകിയ സംഭാവന ചെറുതല്ല.
കേരള കോൺഗ്രസിന്റെ മുന്നണി മാറ്റത്തോടെ നഷ്ടപ്പെട്ടുപോയ പാലാ നഗരസഭയുടെ ഭരണം യു.ഡി.എഫിന് അവർ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ പിന്തുണയോടെ തിരികെ പിടിക്കാം. 26 വാർഡുകളുള്ള പാലാ നഗരസഭയിൽ 12 സീറ്റുകളിൽ മുന്നിലെത്തി എൽഡിഎഫാണ് എറ്റവും വലിയ മുന്നണി. എന്നാൽ പത്ത് സീറ്റുകളിൽ വിജയിച്ച യുഡിഎഫിന് അവർ പിന്തുണയ്ക്കുന്ന മൂന്ന് സ്വതന്ത്രരുടെ പിന്തുണയോടെ ഭരണത്തിലെത്താം. ഇവിടെ വിജയിച്ച ഒരു സ്വതന്ത്ര സ്ഥാനാർഥിയും നിർണായകമാകും.
ഈരാറ്റുപേട്ടയിൽ 29-ൽ 16 സീറ്റുകളിൽ വിജയിച്ച് വിജയിച്ച യുഡിഎഫ് ഭരണം നിലർത്തി. എൽഡിഎഫ് 10 സീറ്റുകളിൽ വിജയിച്ചപ്പോൾ എസ്.ഡി.പി.ഐ മൂന്ന് സീറ്റിൽ വിജയിച്ചു. വൈക്കം നഗരസഭയിലും യു.ഡി.എഫ് ഭരണം നിലനിർത്തി. യുഡിഎഫ് 13 സീറ്റിൽ ജയിച്ചപ്പോൾ ഒൻപത് സീറ്റാണ് എൽഡിഎഫിന് നേടാനായത്. ബിജെപി മൂന്ന് സീറ്റിലും സ്വതന്ത്രർ രണ്ട് സീറ്റിലും ജയിച്ചു.
ചങ്ങനാശ്ശേരി നഗരസഭയിൽ 37 സീറ്റിൽ 13 സീറ്റുകൾ നേടിയ യുഡിഎഫാണ് വലിയ കക്ഷി. ഇവിടെ എൽഡിഎഫ് ഒൻപതും എൻഡിഎ എട്ട് സീറ്റിലും വിജയിച്ചു. ഏഴ് സീറ്റുകളിൽ വിജയിച്ച സ്വതന്ത്രർ ഇവിടെ നിർണായകമാകും.
പുതുപ്പള്ളി നിയോജകമണ്ഡലത്തിന് കീഴിലുള്ള പഞ്ചായത്തുകളിൽ ശക്തമായ തിരിച്ചു വരവാണ് യു.ഡി.എഫ് നടത്തിയത്. നിയോജക മണ്ഡലത്തിലെ എട്ടിൽ ഏഴ് പഞ്ചായത്തുകളിലും യുഡിഎഫ് ഭരണം പിടിച്ചു. കഴിഞ്ഞ തവണ ഭരണം നഷ്ടമായ അകലക്കുന്നം, മണർകാട്, പാമ്പാടി, പുതുപ്പള്ളി, വാകത്താനം പഞ്ചായത്തുകൾ യു.ഡിഎഫ് പിടിച്ചെടുത്തു. അയർക്കുന്നം, മീനടം പഞ്ചായത്തുകൾ നിലനിർത്തുകയും ചെയ്തു. കൂരോപ്പട പഞ്ചായത്തിൽ മാത്രമാണ് എൽ.ഡി.എഫിന് ഭരണത്തിലെത്താൻ സാധിച്ചത്.
UDF victory in Kottayam in local body election









