
തിരുവനന്തപുരം : നാലുവർഷ ബിരുദത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കുവേണ്ടി തയ്യാറാക്കിയ പാഠ്യപദ്ധതിയിൽ വിദ്യാർത്ഥികളെ രാമരാജ്യസങ്കല്പം പഠിപ്പിക്കാനുള്ള നിർദേശവുമായി യുജിസി. യുജിസി ലോഗോയ്ക്കു പകരം സരസ്വതീദേവിയുടെ ചിത്രം ആലേഖനം ചെയ്താണ് മാതൃകാ പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കൂടാതെ, സ്വാതന്ത്ര്യ സമരത്തെക്കുറിച്ചുള്ള പാഠത്തിൽ സവർക്കറെ ഉൾപ്പെടുത്തിയിട്ടുണ്ട്. കോർപ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വം, സമകാലീന പരിസ്ഥിതി-സാമൂഹിക-ഭരണ ചട്ടക്കൂട് എന്നിവയുടെ പശ്ചാത്തലത്തിൽകൊമേഴ്സിൽ ധനവിനിയോഗം പഠിപ്പിക്കുന്നിടത്താണ് ‘തുല്യനീതി ഭരണം’ വിഭാവനം ചെയ്യുന്ന ‘രാമരാജ്യ സങ്കല്പ’ത്തിനുള്ള സാധ്യത തേടാമെന്ന് പാഠഭാഗം പറയുന്നത്. ഇതിലൂടെ കൊമേഴ്സ് വിദ്യാഭ്യാസത്തിൽ ഭാരതീയദർശനം ഉൾക്കൊള്ളിക്കാമെന്നും നിർദേശിക്കുന്നുണ്ട്.
നൂറ്റാണ്ടുകളായി ആയുർവേദം പരിശീലിപ്പിച്ചതിനെക്കുറിച്ച് പൗരാണിക ഇന്ത്യയിലെ രസതന്ത്രത്തെക്കുറിച്ചുള്ള പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തി. വേദങ്ങളിലെ രസതന്ത്രജ്ഞാനം പഠിപ്പിക്കാൻ പരമാണു സങ്കല്പം, ആണവ സ്പെക്ട്രവും കുണ്ഡലിനി സങ്കല്പവും തമ്മിലുള്ള താരതമ്യ പഠനം എന്നിവയും നിർദേശിച്ചു.ചരകൻ, ശുശ്രുതൻ, അഗസ്ത്യൻ, നാഗാർജുന, കണാദൻ എന്നിവരെക്കുറിച്ചും വൃന്ദ ചക്രപാണിയുടെ സിദ്ധയോഗവും ആയുർവേദ കാലത്തെ രസതന്ത്രം എന്ന അധ്യായത്തിൽ പഠിപ്പിക്കണം. വേദകാലം മുതൽ സമകാലീനം വരെയുള്ള തത്ത്വചിന്തയും രാഷ്ട്രീയ-സാംസ്കാരിക പരിണാമവും പാഠഭാഗങ്ങളാക്കി ‘ഭാരതമെന്ന ആശയം’ എന്ന പ്രത്യേക അധ്യായം ബിഎ രാഷ്ട്രമീമാംസയിലും ഉൾപ്പെടുത്തി.
സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചുള്ള അധ്യായം ഒന്നാംവർഷ ബിഎ രാഷ്ട്രമീമാംസയിലാണ്. സ്വാതന്ത്ര്യസമരത്തെ കുറിച്ച്അറിയാൻ നിർബന്ധമായും വായിക്കേണ്ട ഒമ്പതു പുസ്തകങ്ങളിൽ ‘വി.ഡി. സവർക്കർ-ദി ഇന്ത്യൻ വാർ ഓഫ് ഇൻഡിപെൻഡൻസ്’ എന്ന പുസ്തകം ഉൾപ്പെടുത്തി. രാഷ്ട്രമീമാംസ മൂന്നാംവർഷ വിദ്യാർഥികൾക്കു പഠിക്കാൻ ‘ആധുനിക ഇന്ത്യൻ രാഷ്ട്രീയ ചിന്ത’ എന്ന അധ്യായത്തിൽ വി.ഡി. സവർക്കറെ ദേശീയ പ്രസ്ഥാനനായകരുടെ പട്ടികയിൽ ചേർത്തു. ‘ദേശീയവാദി’കളെക്കുറിച്ചുള്ള പാഠത്തിൽ സവർക്കർക്കു പുറമേ, ദീൻദയാൽ ഉപാധ്യായയും ഇടംപിടിച്ചു. ദേശീയപ്രസ്ഥാനം എന്ന പാഠത്തിൽ മഹാത്മാഗാന്ധിയെയും, ബാലഗംഗാധര തിലകനെയും ഉൾപ്പെടുത്തി. രാം മനോഹർ ലോഹ്യ, ജയപ്രകാശ് നാരായണൻ എന്നിവർക്കൊപ്പം സോഷ്യലിസ്റ്റുകളുടെ കൂട്ടത്തിലാണ് നെഹ്റുവിൻ്റെ സ്ഥാനം. വേദവ്യാസൻ, മനു, നാരദൻ, കൗടില്യൻ തുടങ്ങിയവരാണ് പുരാതന ഇന്ത്യൻ ചിന്തകർ.സ്വാമി ദയാനന്ദ സരസ്വതി, ജ്യോതിറാവു ഫുലെ, ബി.ആർ. അംബേദ്‌കർ എന്നിവരാണ് സാമൂഹിക പരിഷ്‌കർത്താക്കൾ. ശ്രീനാരായണ ഗുരുവിനെ സ്വാമി വിവേകാനന്ദൻ, അരബിന്ദോ എന്നിവർക്കൊപ്പം ആത്മീയാചാര്യന്മാരുടെ പട്ടികയിലും ഉൾപ്പെടുത്തി.