ക്രമക്കേട് കണ്ടെത്തി; 11 ലക്ഷം പേരെഴുതിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി

ന്യൂഡല്‍ഹി: നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ.) ജൂണ്‍ 18-ാം തീയതി നടത്തിയ യുജിസി നെറ്റ് പരീക്ഷ റദ്ദാക്കി. രാജ്യത്തെ വിവിധ കേന്ദ്രങ്ങളില്‍ രണ്ട് ഷിഫ്റ്റുകളിലായി നടത്തിയ പരീക്ഷയാണ് ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് റദ്ദാക്കിയത്.

പരീക്ഷാനടത്തിപ്പില്‍ വീഴ്ചകളുണ്ടായെന്ന വിവരം നാഷണല്‍ സൈബര്‍ ക്രൈം ത്രെട്ട് അനലിറ്റിക്‌സ് യൂണിറ്റില്‍നിന്ന് യുജിസിക്ക് ജൂണ്‍ 19-ന് ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് പരീക്ഷ റദ്ദാക്കാന്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കുകയായിരുന്നു. പ്രഥമദൃഷ്ട്യാ പരീക്ഷയിൽ ക്രമക്കേട് കണ്ടെത്തുകയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. പരീക്ഷയുടെ സുതാര്യതയും പവിത്രതയും സംരക്ഷിക്കണമെന്നതിനാലാണു റദ്ദാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി.

പരീക്ഷ വീണ്ടും നടത്തും. ഇത് സംബന്ധിച്ച വിവരം പിന്നീട് അറിയിക്കും. വിഷയത്തില്‍ അന്വേഷണം നടത്താന്‍ സിബിഐയെ ചുമതലപ്പെടുത്തി. നീറ്റ് പരീക്ഷയിൽ പ്രതിപക്ഷ സമരം കടുക്കുന്നതിനിടെയാണു നീറ്റ് പരീക്ഷ റദ്ദാക്കി സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.