
ലണ്ടൻ: യുക്രൈന് എല്ലാ വിധ പിന്തുണയും നൽകുമെന്ന ഉറപ്പുമായി യുകെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ. യുദ്ധം അവസാനിപ്പിക്കുന്നതിനും റഷ്യയെ പ്രതിരോധിക്കുന്നതിനും യുക്രൈനുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിന് വിവിധ യൂറോപ്യൻ രാജ്യങ്ങളെ ഉൾപ്പെടുത്തി കൊണ്ട് ‘സന്നദ്ധരാജ്യങ്ങളുടെ സഖ്യ’ത്തിന് രൂപം കൊടുത്തിട്ടുണ്ട്. മറ്റു രാജ്യങ്ങളുടെ പിന്തുണയോടെ യുക്രൈന് വേണ്ടിയുള്ള ശ്രമങ്ങൾ ശക്തമാക്കുമെന്നും, യുഎസിനെയും ഇതിൽ ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും സ്റ്റാർമർ കൂട്ടിച്ചേർത്തു.
യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഉൾപ്പെടെ യൂറോപ്പിൽ നിന്നുള്ള 18 നേതാക്കളുടെ ഉച്ചകോടിക്ക് ശേഷമായിരുന്നു സ്റ്റാർമറുടെ പ്രതികരണം. “ഇന്ന് നമ്മൾ ചരിത്രത്തിലെ ഒരു വഴിത്തിരിവിലാണ്,” യുക്രൈൻ- റഷ്യ യുദ്ധം അവസാനിപ്പിക്കാനായി അടിയന്തിരമായി ചെയ്യേണ്ട കാര്യങ്ങൾ പ്രഖ്യാപിച്ച് കൊണ്ട് സ്റ്റാർമർ പറഞ്ഞു.
യുക്രൈനിലേക്ക് സൈനിക സഹായം നൽകുന്നത് തുടരുക, റഷ്യയ്ക്കുമേൽ സാമ്പത്തിക സമ്മർദ്ദം വർധിപ്പിക്കുക, ഏതൊരു ശാശ്വത സമാധാനവും യുക്രൈന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കുന്നതാവുക, ഏതൊരു സമാധാന ചർച്ചയിലും യുക്രൈൻ ഉണ്ടായിരിക്കുക, ഭാവിയിൽ ഏതെങ്കിലും അധിനിവേശം ഉണ്ടായാൽ അത് തടയുന്നതിന് യുക്രൈന്റെ പ്രതിരോധശേഷി വർധിപ്പിച്ച് കൊണ്ടുള്ള സമാധാന ഉടമ്പടി, യുക്രൈനിൽ സമാധാനം കണ്ടെത്തുന്നതിനായി ‘സന്നദ്ധരാജ്യങ്ങളുടെ സഖ്യം’ വികസിപ്പിക്കുക തുടങ്ങിയ നിർദേശങ്ങൾക്കാണ് ഉച്ചകോടിയിൽ അംഗീകാരം ലഭിച്ചത്.