
കീവ്: യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വ്ളാഡിമിര്‍ പുടിനെ ‘ഭ്രാന്തൻ’ എന്ന് വിളിച്ചതിന് പിന്നാലെ റഷ്യ രാജ്യത്ത് ഏറ്റവും വലിയ ഡ്രോൺ ആക്രമണം നടത്തിയെന്ന് യുക്രൈൻ. മൂന്ന് വർഷം നീണ്ട യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്‍റ് ശ്രമിച്ചുവരികയാണെങ്കിലും, തങ്ങളുടെ ഭരണകൂടവും റഷ്യയും തമ്മിൽ പലതവണ ചർച്ചകൾ നടന്നിട്ടും ക്രെംലിനിൽ നിന്ന് കാര്യമായ ഇളവുകൾ നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടില്ല. തുടർച്ചയായ മൂന്ന് രാത്രികളിൽ റഷ്യ യുക്രെയ്നെ വൻതോതിൽ ഡ്രോൺ ആക്രമണങ്ങൾ നടത്തി. ഞായറാഴ്ച കുറഞ്ഞത് 13 പേരെങ്കിലും മരിച്ചതായി അധികൃതർ അറിയിച്ചുവെന്നും യുക്രൈൻ അറിയിച്ചു.
റഷ്യന്‍ പ്രസിഡന്‍റ് വ്ളാഡിമിര്‍ പുടിനെ ട്രംപ് ‘ഭ്രാന്തന്‍’ എന്ന് വിളിക്കുകയും യുക്രൈന്‍റെ പൂര്‍ണമായ ഏറ്റെടുക്കലിനുള്ള ഏതൊരു ശ്രമവും ‘റഷ്യയുടെ പതനത്തിലേക്ക് നയിക്കും’ എന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കി.‘ വ്ളാഡിമിര്‍ പുടിനുമായി എനിക്ക് എപ്പോഴും വളരെ നല്ല ബന്ധമുണ്ടായിരുന്നു, പക്ഷേ അദ്ദേഹത്തിന് എന്തോ സംഭവിച്ചിട്ടുണ്ട്. അദ്ദേഹം തികച്ചും ഭ്രാന്തനാണ്! അദ്ദേഹം അനാവശ്യമായി ധാരാളം ആളുകളെ കൊല്ലുന്നു, ഞാന്‍ സൈനികരെക്കുറിച്ചല്ല സംസാരിക്കുന്നത്. ഒരു കാരണവുമില്ലാതെ യുക്രൈനിലെ നഗരങ്ങളിലേക്ക് മിസൈലുകളും ഡ്രോണുകളും അയയ്ക്കുന്നു,’ ട്രംപ് ട്രൂത്ത് സോഷ്യലിലെ ഒരു പോസ്റ്റില്‍ കുറിച്ചു.