
വാഷിങ്ടന്‍: യുക്രെയ്‌നിനെ സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ് സിഎന്‍എന്നിനോട് വെളിപ്പെടുത്തിയ കാര്യങ്ങള്‍ ചര്‍ച്ചയാകുന്നു. സമാധാന കരാറിന്റെ ഭാഗമായി യുഎസിനും യൂറോപ്പിനും ഇനി യുക്രെയ്ന് ശക്തമായ സുരക്ഷ നല്‍കാന്‍ റഷ്യ സമ്മതിച്ചതായാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, ഒരു അംഗത്തിനെതിരെയുള്ള ആക്രമണം എല്ലാവര്‍ക്കുമെതിരെയുള്ള ആക്രമണമാണെന്ന നാറ്റോ ശൈലിയില്‍ യുഎസിനും യൂറോപ്പിനും യുക്രെയ്‌ന് സുരക്ഷ നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതോടെ യുക്രെയ്ന്‍ നാറ്റോയിലേക്കെന്ന അഭ്യൂഹങ്ങള്‍ക്ക് ചൂടേറുന്നു.
യുക്രെയ്‌ന് യുഎസും യൂറോപ്പും സുരക്ഷ നല്‍കാന്‍ അലാസ്‌ക ഉച്ചകോടിയില്‍ വച്ച് റഷ്യന്‍ പ്രസിഡന്റ് പുട്ടിന്‍ സമ്മതിച്ചെന്നാണ് സൂചന. ”യുഎസിന് ആര്‍ട്ടിക്കിള്‍ 5 പ്രകാരം യുക്രെയ്‌ന് സംരക്ഷണം നല്‍കാന്‍ കഴിയുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. യുക്രെയ്ന്‍ നാറ്റോയില്‍ ചേരാന്‍ ആഗ്രഹിക്കുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങളിലൊന്നാണിത്.” വിറ്റ്‌കോഫ് സിഎന്‍എന്നിനോട് പറഞ്ഞതിങ്ങനെ.
അതേസമയം, പുടിന് മനം മാറ്റം ഉണ്ടായതായി പരക്കെ വിലയിരുത്തപ്പെടുന്നുണ്ട്.
യുക്രെയ്ന്‍ നാറ്റോയില്‍ ചേരുന്നതിനോട് കാലങ്ങളായി മുഖം തിരിച്ചിരുന്ന പുട്ടിന്‍, ഇപ്പോള്‍ അതിനെ എതിര്‍ക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.