
കീവ്: അലാസ്കയിൽ യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമിർ പുടിനും തമ്മിൽ നടന്ന ഉച്ചകോടിയെ രൂക്ഷമായി വിമർശിച്ച് യുക്രൈനിയൻ മാധ്യമങ്ങൾ. ഒരു പ്രമുഖ ഇംഗ്ലീഷ് പത്രം ഉച്ചകോടിയെ ‘ലജ്ജാകരം’ എന്നാണ് വിശേഷിപ്പിച്ചത്. ശനിയാഴ്ച രാവിലെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലിൽ ‘ദ കൈവ് ഇൻഡിപെൻഡന്റ്’ ഓൺലൈൻ പത്രം ഇങ്ങനെ കുറിച്ചു: “അസുഖകരം, ലജ്ജാകരം, ഒടുവിൽ ഒന്നിനും കൊള്ളാത്തത്.” റഷ്യക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും ട്രംപ് അത് പിന്തുടരുന്നതിൽ പരാജയപ്പെട്ടുവെന്നും പുടിൻ ഈ കൂടിക്കാഴ്ചയിൽ നിന്ന് നേടിയ നേട്ടങ്ങൾ എന്തൊക്കെയാണെന്നും പത്രം ചൂണ്ടിക്കാട്ടി.
“ഒരു അന്താരാഷ്ട്ര ഒറ്റുകാരനല്ലാതായി പുടിൻ മാറി, സ്വതന്ത്ര ലോകത്തിൻ്റെ നേതാവ് അദ്ദേഹത്തെ അംഗീകരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. ട്രംപിൻ്റെ മുൻഗാമി ഒരിക്കൽ പുടിനെ ഒരു കൊലപാതകിയെന്ന് വിളിച്ചിരുന്നു; എന്നാൽ ട്രംപ് അദ്ദേഹത്തിന് രാജകീയമായ സ്വീകരണമാണ് നൽകിയത്,” കൈവ് ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു. “പുടിന് നൂറ് അഭിനന്ദനങ്ങൾ, ചുവപ്പ് പരവതാനി, ആകാശത്ത് ഫൈറ്റർ ജെറ്റുകൾ, ഒടുവിൽ ഒന്നുമില്ല,” എന്ന് യുക്രേനിയൻ മാധ്യമപ്രവർത്തക ക്രിസ്റ്റീന ബെർഡിൻസ്കിഖ് ശനിയാഴ്ച ഫേസ്ബുക്കിൽ കുറിച്ചു. ഉച്ചകോടിയിൽ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിൽ ട്രംപ് പരാജയപ്പെട്ടു എന്നും അവർ കൂട്ടിച്ചേർത്തു.
യുക്രൈനിലെ രാഷ്ട്രീയക്കാരും ആക്ടിവിസ്റ്റുകളും ഈ ഉച്ചകോടിയുടെ ഫലപ്രാപ്തിയെ ചോദ്യം ചെയ്യുന്നുണ്ട്. നമ്മൾ മറ്റൊരു ഗംഭീരവും മനോഹരവുമായ അമേരിക്കൻ ‘ഒന്നുമില്ലായ്മ’ക്ക് സാക്ഷ്യം വഹിച്ചുവെന്ന് തോന്നുന്നുവെന്ന് യുക്രൈൻ പാർലമെൻ്റ് അംഗം യാരോസ്ലാവ് ഷെലെസ്‌നിയാക്ക് ശനിയാഴ്ച രാവിലെ ടെലിഗ്രാമിൽ കുറിച്ചു. പുടിനെ ആതിഥേയത്വം വഹിച്ചതിന് പൗരാവകാശ പ്രവർത്തകനും മുൻ യുക്രേനിയൻ എംപിയുമായ മുസ്തഫ നയ്യെം ട്രംപിനെ വിമർശിച്ചു. കൈകളിൽ രക്തം പുരളാതെ ആരാച്ചാരുമായി ഹസ്തദാനം ചെയ്യാൻ കഴിയുമെന്ന് വിശ്വസിച്ചവരുടെ കൂട്ടത്തിൽ അമേരിക്കയും സ്വമേധയാ ചേർന്നവെന്നാണ് അദ്ദേഹം തുറന്നടിച്ചു.















