
കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിച്ചതിന് ശേഷമുള്ള യുക്രെയ്ന്‍റെ പുനർനിർമ്മാണത്തിനും സാമ്പത്തിക വികസനത്തിനുമുള്ള പദ്ധതികളെക്കുറിച്ച് യുക്രെയ്ൻ, യുഎസ് പ്രതിനിധി സംഘങ്ങൾ ഇന്ന് ചർച്ച നടത്തുമെന്ന് യുക്രെയ്ൻ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കി ടെലിഗ്രാം പോസ്റ്റിൽ അറിയിച്ചു. “യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതും യാഥാർത്ഥ്യബോധമുള്ളതുമായ നടപടികൾ തിരിച്ചറിയുന്നതിനായി ഞങ്ങൾ എല്ലാ പങ്കാളികളുമായും ദിവസേന, ഏതാണ്ട് 24/7, ആശയവിനിമയം തുടരുകയാണ്,” സെലെൻസ്കി പറഞ്ഞു. “യുക്രെയ്നെ സംബന്ധിച്ചിടത്തോളം എല്ലാം വിശ്വസനീയവും അന്തസ്സുള്ളതുമായിരിക്കണം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ നിർവചിക്കാൻ കഴിയുന്ന ഒരു അടിസ്ഥാന രേഖയിലെ 20 കാര്യങ്ങളുടെ പണിപ്പുരയിലാണ് യുക്രെയ്ൻ എന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. യുഎസിലെയും യൂറോപ്പിലെയും ഉദ്യോഗസ്ഥരുമായി സംയുക്തമായി പ്രവർത്തിച്ച ശേഷം ഈ പദ്ധതി അടുത്ത കാലയളവിൽ യുഎസിന് സമർപ്പിക്കാൻ കഴിയുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. പുതുക്കിയ സമാധാന നിർദ്ദേശം ഇന്ന് യുഎസിന് കൈമാറാൻ സാധ്യതയുണ്ടെന്ന് സെലെൻസ്കി ഇന്നലെ സൂചിപ്പിച്ചിരുന്നു.
യുദ്ധം അവസാനിപ്പിക്കുന്നത് ചർച്ച ചെയ്യാൻ കോളീഷൻ ഓഫ് ദി വില്ലിംഗ് എന്ന് വിളിക്കപ്പെടുന്ന രാജ്യങ്ങൾ നാളെ യോഗം ചേരുമെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു. “ഈ ആഴ്ച നമുക്കെല്ലാവർക്കും വാർത്തകൾ കൊണ്ടുവന്നേക്കാം, രക്തച്ചൊരിച്ചിലിന് അവസാനമുണ്ടാകാൻ സാധ്യതയുണ്ട്,” അദ്ദേഹം പറഞ്ഞു. “സമാധാനത്തിന് പകരമില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു, റഷ്യയെ കൊലപാതകങ്ങൾ നിർത്താൻ എങ്ങനെ നിർബന്ധിക്കണം, മൂന്നാമതൊരു അധിനിവേശത്തിൽ നിന്ന് റഷ്യയെ തടയാൻ പ്രത്യേകമായി എന്തുചെയ്യണം എന്നതാണ് പ്രധാന ചോദ്യങ്ങൾ.” സെലെൻസ്കി വ്യക്തമാക്കി.














