കഴിഞ്ഞ വർഷം ഇതേ ദിവസം വൈകുന്നേരം ഉണ്ടായ വലിയ അപകടത്തിൽ നിന്നും ജീവിതത്തിലേക്കുള്ള തിരിച്ചു വരവിൻ്റെ ഓർമ്മകൾ പങ്കുവെച്ച് ഉമ തോമസ് എം.എൽ.എ. ആ വീഴ്ചയെ എന്നന്നേക്കുമായുള്ള വീഴ്ചയാക്കി മാറ്റാതിരുന്ന ദൈവങ്ങളോട് ജീവിതം മുഴുവൻ കടപ്പെട്ടിരിക്കുന്നുവെന്ന് അവർ തൻ്റെ കുറിപ്പിൽ പറയുന്നു. കൃത്യം ഒരു വർഷം മുൻപ് വൈകിട്ട് 6.35-നായിരുന്നു ഉമ തോമസിന് അപകടം സംഭവിക്കുന്നത്.
റിനൈ മെഡിസിറ്റിയിലെ തണുത്ത ഐസിയുവിൽ ഡോക്ടർ കൃഷ്ണനുണ്ണിയുടെ കൈപിടിച്ച് ഓർമ്മയിലേക്ക് ഉണർന്ന നിമിഷം ഇന്നും തനിക്ക് അത്ഭുതമാണെന്ന് അവർ കുറിച്ചു. ആ പ്രതിസന്ധി ഘട്ടത്തിൽ പുറത്ത് ഒറ്റയ്ക്കായി പോകുമായിരുന്ന തന്റെ മക്കളെയും, ആശുപത്രിയിൽ തനിക്ക് കൂട്ടിരുന്ന പ്രിയപ്പെട്ടവരെയും അവർ നന്ദിയോടെ സ്മരിക്കുന്നു.
തന്റെ തിരിച്ചു വരവിനായി പ്രാർത്ഥിച്ചവരോടും ഒപ്പം നിന്നവരോടുമുള്ള സ്നേഹം പങ്കുവെച്ച എം.എൽ.എ, തനിക്ക് ലഭിക്കുന്ന ഈ കരുതലും സ്നേഹവും പി.ടി തോമസിനോടുള്ള സ്നേഹത്തിന്റെ തുടർച്ചയാണെന്ന് താൻ തിരിച്ചറിയുന്നുവെന്നും കൂട്ടിച്ചേർത്തു. ഈ തിരിച്ചു വരവിന് എല്ലാവരോടും എന്നും കടപ്പെട്ടിരിക്കുമെന്നും വൈകാരികമായ കുറിപ്പിൽ ഉമ തോമസ് വ്യക്തമാക്കി.
ഉമ തോമസിന്റെ കുറിപ്പ്
സമയം 6.35
കഴിഞ്ഞ വർഷം,
ഈ സമയത്താണ്….
എന്നന്നേക്കുമായുള്ള വീഴ്ചയാക്കി അതിനെ മാറ്റാതിരുന്ന ഈശ്വരന്മാരോട് ജീവിതം മുഴുവനും നന്ദി…
ഓർമയിലേക്കുണർന്ന നിമിഷം
ഇന്നുമെൻ്റെ അത്ഭുതമാണ്.
റിനൈ മെഡിസിറ്റിയിലെ തണുത്ത ഐസിയുവിൽ സഹോദര തുല്യനായ ഡോ.കൃഷ്ണനുണ്ണിയുടെ
കൈ പിടിച്ച്.
പുറത്ത്,ഒറ്റക്കായി പോകുമായിരുന്ന എൻ്റെ മക്കൾ.
വീഴ്ചക്കും ഉണർച്ചക്കുമിടയിലെ ദിവസങ്ങളിൽ,
ആശുപത്രിയിൽ നിന്ന് മാറാതെ കൂട്ടിരുന്ന പ്രിയപ്പെട്ടവർ.
പ്രാർത്ഥനകളായി നിന്നവർ…
വീഴ്ചക്കും അപകടത്തിനും മാത്രമല്ലല്ലോ,ഹൃദയത്തോട് ചേർത്ത് വെച്ച നിങ്ങളോരോരുത്തരുടേയും കരുതലിന് കൂടിയാണല്ലോ
ഇന്ന്,ഒരാണ്ട് പൂർത്തിയാവുന്നത്.
പി ടിയോടുള്ള സ്നേഹ തുടർച്ച കൂടിയാണതെന്ന് എനിക്കറിയാം…
ഈ തിരിച്ചു വരവിന്
എല്ലാവരോടും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു…












