
ഗാസ സിറ്റി/ജെറുസലേം: ഗാസയിലെ വെടിനിർത്തലിന് ശേഷം ഇസ്രായേൽ സൈന്യം പുനർവിന്യസിച്ച പ്രദേശങ്ങൾക്ക് ചുറ്റും സാധാരണക്കാരെ കൊലപ്പെടുത്തുന്നത് തുടരുകയാണെന്ന് യുഎൻ മനുഷ്യാവകാശ ഓഫീസ്. ഒക്ടോബർ 10 മുതൽ ഈ പ്രദേശങ്ങളിൽ വെച്ച് കുറഞ്ഞത് 15 പലസ്തീനികളെങ്കിലും വെടിയേറ്റ് മരിച്ചതായും റിപ്പോർട്ടുണ്ട്. “ശത്രുതയിൽ നേരിട്ട് പങ്കെടുക്കാത്ത സാധാരണക്കാരെ ലക്ഷ്യമിടുന്നത്, സംഭവം നടന്ന സ്ഥലമോ അംഗീകരിച്ച വിന്യാസ രേഖയുമായുള്ള അതിന്‍റെ സാമീപ്യമോ പരിഗണിക്കാത്തത് യുദ്ധക്കുറ്റമാണ്,” അധിനിവേശ പലസ്തീൻ പ്രദേശത്തെ യുഎൻ മനുഷ്യാവകാശ ഓഫീസ് ‘എക്സി’ലൂടെ പ്രതികരിച്ചു.
ഈ ആരോപണങ്ങളോട് ഇസ്രയേൽ സൈന്യവും പ്രതികരിച്ചു. ചൊവ്വാഴ്ച നിരവധി സംശയാസ്പദമായ വ്യക്തികൾ മഞ്ഞ വര കടന്ന് വടക്കൻ ഗാസ മുനമ്പിൽ പ്രവർത്തിക്കുന്ന ഐഡിഎഫ് സൈനികരെ സമീപിക്കുന്നത് തിരിച്ചറിഞ്ഞതായി ഇസ്രായേൽ പ്രതിരോധ സേന സിഎൻഎന്നിനോട് പറഞ്ഞു. ഇവരെ ദൂരേക്ക് മാറ്റാൻ ശ്രമിച്ചതിന് ശേഷവും ഭീഷണി ഒഴിവാക്കാൻ ഇസ്രായേലി സൈനികർ വെടിയുതിർക്കുകയായിരുന്നു എന്നും ഐഡിഎഫ് കൂട്ടിച്ചേർത്തു.
ഇസ്രായേൽ സൈന്യം സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുന്നുണ്ടെന്ന് ഗാസ സിറ്റിയിലെ ഒരു താമസക്കാരനും റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. സ്വന്തം സുരക്ഷയെക്കുറിച്ചുള്ള ഭയവും അദ്ദേഹം പങ്കുവെച്ചു. “അവർ പിൻവാങ്ങിയിട്ടില്ല, അതെല്ലാം കള്ളമാണ്. ഞങ്ങൾ പുറത്തിറങ്ങുമ്പോൾ അവർ ഞങ്ങൾക്ക് നേരെ വെടിയുതിർക്കുന്നു,” മൊമെൻ ഹസ്സനൈൻ പറഞ്ഞു. “ഞങ്ങൾക്ക് ശൈത്യകാലത്തേക്കുള്ള സാധനങ്ങൾ ശേഖരിക്കാൻ ഇറങ്ങണം, തണുപ്പ് വരുന്നു, പക്ഷേ ഒരൊറ്റ സാധനം പോലും ലഭ്യമല്ല.” വെടിനിർത്തൽ കരാർ ലംഘിച്ചുവെന്ന് ഇസ്രായേലും ഹമാസും പരസ്പരം ആരോപിക്കുന്നുണ്ടെങ്കിലും, നിലവിലെ കരാർ അപകടത്തിലാണെന്ന് സൂചിപ്പിക്കുന്ന മറ്റ് റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല.