
വിയന്ന: ഇറാനുനേരെയുണ്ടായ യുഎസ് ആക്രമണങ്ങൾ അവരുടെ ആണവ പദ്ധതിക്ക് പൂർണ്ണമായ നാശം വരുത്തിയില്ലെന്നും, ടെഹ്‌റാൻ ഏതാനും മാസങ്ങൾക്കുള്ളിൽ യുറേനിയം സമ്പുഷ്ടീകരണം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും യുഎന്നിന്റെ ആണവ നിരീക്ഷണ വിഭാഗം മേധാവി റഫേൽ ഗ്രോസി. ഇറാനിയൻ അഭിലാഷങ്ങളെ പതിറ്റാണ്ടുകൾ പിന്നോട്ട് വലിച്ചു എന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വാദങ്ങൾക്ക് വിരുദ്ധമായാണ് ഈ വെളിപ്പെടുത്തൽ.
റഫേൽ ഗ്രോസിയുടെ ഈ അഭിപ്രായങ്ങൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പെന്റഗണിന്റെ ഡിഫൻസ് ഇന്റലിജൻസ് ഏജൻസിയുടെ ഒരു പ്രാഥമിക വിലയിരുത്തലിന് സമാനമാണ് റഫേലിൻ്റെ വിശദീകരണം. കഴിഞ്ഞയാഴ്ച ഇറാനിലെ പ്രധാന ആണവ കേന്ദ്രങ്ങളിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് നടത്തിയ ആക്രമണങ്ങൾ അവരുടെ ആണവ പദ്ധതിയുടെ പ്രധാന ഘടകങ്ങളെ നശിപ്പിച്ചിട്ടില്ലെന്നും, ഇത് ഏതാനും മാസങ്ങൾ മാത്രം പിന്നോട്ട് വലിച്ചിട്ടുണ്ടാവാനേ സാധ്യതയുള്ളൂ എന്നും അദ്ദേഹം വിലയിരുത്തുന്നു.
അന്തിമ സൈനിക, രഹസ്യാന്വേഷണ വിലയിരുത്തൽ ഇതുവരെ വന്നിട്ടില്ലെങ്കിലും, ടെഹ്‌റാന്റെ ആണവ പദ്ധതിയെ പൂർണ്ണമായും ഇല്ലാതാക്കി എന്ന് ട്രംപ് ആവർത്തിച്ച് അവകാശപ്പെട്ടിരുന്നു. യുഎന്നിന്റെ ആണവ നിരീക്ഷണ വിഭാഗം മേധാവിയുടെ ഈ വെളിപ്പെടുത്തൽ ട്രംപിന് കനത്ത ക്ഷീണമാണ്.















