
വാഷിംഗ്ടൺ/മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി, തൻ്റെ മുൻ ബിസിനസ് പങ്കാളിയെയും മരുമകനെയും റഷ്യയിലേക്ക് അയച്ച് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തുന്നത് അസാധാരണമായ നയതന്ത്ര നീക്കങ്ങൾ. ഈ രണ്ട് പേർക്കും സെനറ്റിന്റെ ഔദ്യോഗിക അംഗീകാരം ലഭിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്‌കോഫും ജാറെഡ് കുഷ്‌നറും ഇന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. യുക്രെയ്ൻ വിഷയത്തിലെ ട്രംപിന്റെ ഏറ്റവും പുതിയ നീക്കങ്ങൾ അദ്ദേഹത്തിന്റെ പരമ്പരാഗതമല്ലാത്തതും ചില സമയങ്ങളിൽ വിവാദപരവുമായ നയതന്ത്ര സമീപനത്തെ അടിവരയിടുന്നതാണ്.
ലോകത്തിലെ ഏറ്റവും ദുർഘടമായ ചില സംഘർഷങ്ങൾ പരിഹരിക്കുന്നതിനായി ട്രംപ് തന്റെ അടുത്ത ബിസിനസ് പങ്കാളികളുടെയും വിശ്വസ്ത സഖ്യകക്ഷികളുടെയും വൃത്തത്തെയാണ് ആശ്രയിക്കുന്നത്. ഈ നീക്കങ്ങൾ പലപ്പോഴും വിജയിച്ചിട്ടുമുണ്ട്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് പിന്നിലെ പ്രധാന മധ്യസ്ഥർ വിറ്റ്‌കോഫും കുഷ്‌നറുമായിരുന്നു. റഷ്യയും യുക്രെയ്നും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ചർച്ചകളുടെ കേന്ദ്രത്തിലേക്ക് ഇവരെ കൊണ്ടുവന്നതിന് ഭരണകൂട ഉദ്യോഗസ്ഥർ കാരണമായി പറയുന്നത് ഈ മുൻ വിജയമാണ്.
ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ ചുമതലപ്പെടുത്തിക്കൊണ്ട് വിറ്റ്‌കോഫിനെ മിഡിൽ ഈസ്റ്റിലെ പ്രത്യേക ദൂതനായി നിയമിച്ചിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ചുമതലകൾ വളരെ വേഗം വർധിക്കുകയും റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്തു.
മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥരുമായി, പരിചയസമ്പന്നരായ നയതന്ത്രജ്ഞരുടെയോ ചിലപ്പോൾ യുഎസ് നോട്ട്-ടേക്കർമാരുടെയോ പോലും സാന്നിധ്യമില്ലാതെ വിറ്റ്‌കോഫ് ഇടപെഴകിയ ചരിത്രം കണക്കിലെടുക്കുമ്പോൾ, മോസ്കോയുമായുള്ള അദ്ദേഹത്തിന്റെ ഊഷ്മള ബന്ധം ചില സഖ്യകക്ഷികൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഔദ്യോഗികമായി യുഎസ് ഗവൺമെന്റ് പദവിയില്ലാത്ത കുഷ്‌നർ, വിറ്റ്‌കോഫുമായി ചേർന്ന് ഗാസയ്ക്കുള്ള വെടിനിർത്തൽ പദ്ധതി ചർച്ച ചെയ്തതോടെയാണ് ഭരണകൂടത്തിന്റെ നയതന്ത്ര ശ്രമങ്ങളിൽ ഒരു പ്രധാന വ്യക്തിയായി വീണ്ടും ഉയർന്നുവന്നത്. അടുത്തിടെ യുക്രെയ്ൻ ഉദ്യോഗസ്ഥരുമായി നടന്ന രണ്ട് ഉന്നതതല യോഗങ്ങളിൽ യുഎസ് പ്രതിനിധി സംഘത്തോടൊപ്പം അദ്ദേഹം പങ്കെടുത്തിരുന്നു.














