
വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള രണ്ടാം വരവിൽ ലോകത്തെയാകെ അമ്പരപ്പിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഡോണൾഡ‍് ട്രംപ് കൈക്കൊണ്ടത്. ചിലത് കൈയ്യടി നേടിയപ്പോൾ പലതും രൂക്ഷ വിമർശനങ്ങളും ഏറ്റുവാങ്ങിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വൈറ്റ് ഹൗസിലെ വാർത്ത സമ്മേളനങ്ങളുടെ കാര്യത്തിൽ കൈയ്യടി നേടുന്ന തീരുമാനം കൈക്കൊണ്ടിരിക്കുകയാണ് പ്രസിഡന്‍റ് ട്രംപ് ഭരണകൂടം. പരമ്പരാഗത ശൈലി പൊളിച്ചടുക്കുന്ന തീരുമാനമാണ് ട്രംപ് ഭരണകൂടം വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനങ്ങളുടെ കാര്യത്തിൽ കൈക്കൊണ്ടിരിക്കുന്നത്.
ജനങ്ങളിലേക്ക് കൂടുതൽ അടുക്കാനായി സോഷ്യൽ മീഡിയയേയും നവ മാധ്യമങ്ങളെയും ഉപയോഗപ്പെടുത്താനാണ് തീരുമാനം. അതായത് വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനങ്ങളിൽ ഇനിമുതൽ കണ്ടന്‍റ് ക്രിയേറ്റേഴ്‌സിനെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും ക്ഷണമുണ്ടാകും. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്സ്, കണ്ടന്‍റ് ക്രിയേറ്റഴ്സ്, പോഡ്‌കാസ്റ്റേഴ്സ് തുടങ്ങിയവർക്കെല്ലാം ഇനി വൈറ്റ് ഹൗസിൽ സ്ഥാനമുണ്ടാകും. ട്രംപ് അധികാരത്തിലേറിയതിന് ശേഷമുള്ള പ്രസ്സ് സെക്രട്ടറി കരോളിൻ ലീവിറ്റിന്റെ ആദ്യ വാർത്ത സമ്മേളനത്തിലാണ് ഇത് സംബന്ധിച്ച അറിയിപ്പുണ്ടായത്.
ട്രംപിന്റെ സന്ദേശങ്ങൾ ലോകത്തെ അറിയിക്കുവാനും വൈറ്റ് ഹൗസിനെ പുതിയ സമൂഹ മാധ്യമങ്ങളുടെ തലത്തിലേക്ക് എത്തിക്കുവാനുമാണ് യുവജനങ്ങളെ തിരയുന്നത്. വൈറ്റ് ഹൗസിലെ മീഡിയ ബ്രീഫിങ് റൂമിലെ ആദ്യ സീറ്റുകൾ ഇനി മുതൽ ‘ന്യൂ മീഡിയ സീറ്റ്’ ആക്കി മാറ്റുകയാണെന്നും കരോളിൻ പറഞ്ഞു. വൈറ്റ് ഹൗസ് ബ്രീഫിങ് റൂമിൽ എത്താൻ താല്പര്യമുള്ളവർക്ക് വെബ്‌സൈറ്റിലൂടെ അപേക്ഷകൾ അയക്കാമെന്നും കരോളിൻ അറിയിച്ചു. അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രസ്സ് സെക്രട്ടറിയാണ് 27 കാരിയായ കരോളിൻ ലീവിറ്റ്.