കടുത്ത ഭീഷണിയുമായി ട്രംപ് ഭരണകൂടം; കുടിയേറ്റക്കാരിൽ ഭീതി വിതയ്ക്കാൻ പുതിയ നീക്കം, ജയിൽ ശിക്ഷയും പിഴയും അടക്കം മുന്നറിയിപ്പ്

വാഷിംഗ്ടൺ: യുഎസിലെ ചില കുടിയേറ്റക്കാരെ ട്രംപ് ഭരണകൂടം നിയമവിരുദ്ധമായി ഭീഷണിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകൾ. സര്‍ക്കാര്‍ രജിസ്ട്രിയിൽ സൈൻ അപ്പ് ചെയ്യുന്നതിൽ പരാജയപ്പെട്ടാൽ, ജയിൽ ശിക്ഷയും പിഴയും ഉൾപ്പെടെയുള്ള ക്രിമിനൽ ശിക്ഷകൾ ലഭിക്കുമെന്നാണ് നിയമവിരുദ്ധമായി ഭീഷണിപ്പെടുത്തുന്നത്. ഡിപ്പാർട്ട്‌മെന്‍റ് ഓഫ് ഹോംലാൻഡ് സെക്യൂരിറ്റി ചൊവ്വാഴ്ച പ്രഖ്യാപിച്ച ഈ നീക്കം, നിയമവിരുദ്ധമായി യുഎസിലുള്ളവരും വിരലടയാളം സമർപ്പിക്കുകയോ ഫെഡറൽ ഗവൺമെന്‍റിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്യാത്ത 13 വയസിന് മുകളിലുള്ള കുടിയേറ്റക്കാർക്ക് ബാധകമാണ്.

ഓൺലൈൻ ഫോമിലൂടെ രജിസ്റ്റർ ചെയ്യാത്തവർക്ക് രജിസ്ട്രിയിൽ ചേരാൻ അവസരം നൽകുമെന്ന് ട്രംപ് ഭരണകൂടം അറിയിച്ചു. അങ്ങനെ ചെയ്യുന്നതിൽ പരാജയപ്പെടുന്നത് ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ഭരണകൂടങ്ങൾ മുമ്പ് ഈ നിയമം അവഗണിക്കുകയായിരുന്നു. അനധികൃത കുടിയേറ്റക്കാരെ സ്വയം നാടുകടത്താൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാർഗമായാണ് അഡ്മിനിസ്ട്രേഷൻ ഈ നീക്കത്തെ കാണുന്നത്.

പ്രസിഡന്‍റ് ട്രംപിനും സെക്രട്ടറി നോമിനും രാജ്യത്ത് നിയമവിരുദ്ധമായി തങ്ങുന്നവര്‍ക്കുള്ള വ്യക്തമായ സന്ദേശമുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ഇപ്പോൾ തന്നെ രാജ്യം വിടൂ എന്നതാണ് ആ സന്ദേശമെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വക്താവ് ട്രിസിയ മക്ലാഗ്ലിൻ പ്രസ്താവനയിൽ പറഞ്ഞു. “നിങ്ങൾ ഇപ്പോൾ പോകുകയാണെങ്കിൽ, നിങ്ങൾക്ക് മടങ്ങിവരാനും ഇവിടുത്തെ സ്വാതന്ത്ര്യം ആസ്വദിക്കാനും അമേരിക്കൻ സ്വപ്നത്തില്‍ തന്നെ ജീവിക്കാനും അവസരം ലഭിച്ചേക്കാം” – ട്രിസിയ മക്ലാഗ്ലിൻ കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide