
വാഷിംഗ്ടൺ: വിദ്യാർഥികളുടെ എഫ്-1 സ്റ്റുഡന്റ് സ്റ്റാറ്റസ് റദ്ദാക്കാനുള്ള ഡോണൾഡ് ട്രംപിന്‍റെ നീക്കങ്ങൾക്കെതിരെ ഇന്ത്യ-ചൈനീസ് വിദ്യാർഥികൾ ഒന്നിക്കുന്നു. നീക്കത്തിനെതിരെ മൂന്ന് ഇന്ത്യൻ വിദ്യാർഥികളും രണ്ട് ചൈനീസ് വിദ്യാർഥികളും കോടതിയിൽ ഹർജി നൽകി. ആയിരക്കണക്കിന് വിദ്യാർഥികളുടെ എഫ്-1 പദവി ഏകപക്ഷീയമായി ട്രംപ് റദ്ദാക്കുകയാണെന്നാണ് വിദ്യാര്‍ത്ഥികൾ പറയുന്നത്.
ന്യുഹാംസ്ഫെയറിലെ ജില്ലാ കോടതിയിലാണ് അമേരിക്കൻ സിവിൽ ലിബർട്ടീസ് യുണിയൻ ഹർജി നൽകിയിരിക്കുന്നത്. നാടുകടത്തൽ ഭീഷണി മാത്രമല്ല കടുത്ത സാമ്പത്തിക പ്രതിസന്ധിയും വിദ്യാർഥികൾ അനുഭവിക്കുന്നുണ്ടെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എഫ്-1 സ്റ്റുഡന്റ് സ്റ്റാറ്റസ് ഇല്ലാത്തതിനാൽ ബിരുദം പൂർത്തിയാക്കാൻ കഴിയുന്നില്ലെന്നാണ് ഇന്ത്യൻ വിദ്യാർഥിയായ ലിൻഹിത് ബാബു, തനൂജ് കുമാർ, മണികാന്ത പസുല എന്നിവർ പറയുന്നത്.
തങ്ങളുടെ ഏക വരുമാന മാർഗമായ റിസർച്ച് അസിസ്റ്റന്റ്ഷിപ്പ് തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് ചൈനീസ് വിദ്യാർഥിയായ ഹാൻഗ്രു സാങ് പരാതിപ്പെടുന്നു. മാസ്റ്റർ വിദ്യാഭ്യാസം ഉപേക്ഷിക്കേണ്ട ഗതികേടിലാണ് താനെന്നാണ് പിജി വിദ്യാർഥിയായ ചൈനയിൽ നിന്നുള്ള ഹായോങ് എൻ പറയുന്നത്. എഫ്-1 സ്റ്റുഡന്റ് സ്റ്റാറ്റസ് ഇല്ലാതാക്കിയതിനാലാണ് തനിക്ക് പഠനം പാതിവഴിയിൽ നിർത്തേണ്ടി വന്നതെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.















