
ഡൽഹി: വ്യവസായ മന്ത്രി പി രാജീവിന്‍റെയും സംഘത്തിന്റെയും അമേരിക്കൻ യാത്രക്ക് അനുമതി നിഷേധിച്ച് കേന്ദ്ര വിദേശ കാര്യ മന്ത്രാലയം. ഈ മാസം 28 മുതൽ ഏപ്രിൽ ഒന്ന് വരെ ആയിരുന്നു സന്ദർശനത്തിന് വ്യവസായ മന്ത്രിയും സംഘവും അനുമതി തേടിയത്. അമേരിക്കൻ സൊസൈറ്റി ഫോർ പബ്ലിക് അഡ്മിനിസ്ട്രെഷന്റെ ചർച്ചയിൽ പങ്കെടുക്കാനായിരുന്നു ക്ഷണം. ഇത് മുൻനിർത്തി വ്യവസായ മന്ത്രി വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, കെ എസ് ഐ ഡി സി എം.ഡി അടക്കമുള്ള നാലംഗ സംഘത്തിനാണ് കേന്ദ്രം അനുമതി നിഷേധിച്ചത്. ലെബനനിൽ നിന്നും അമേരിക്കയിലേക്ക് പോകാൻ തീരുമാനിച്ച മന്ത്രി സംഘം ഇതോടെ കേരളത്തിലേക്ക് മടങ്ങും. കാരണം അറിയിക്കാതെ ആണ് അനുമതി നിഷേധിച്ചതെന്നാണ് കേരള സംഘം നൽകുന്ന സൂചന. എന്നാൽ മന്ത്രി തലത്തിൽ പങ്കെടുക്കേണ്ട പരിപാടിയല്ല അമേരിക്കയിൽ നടക്കുന്നതെന്നതിനാലാണ് അനുമതി നിഷേധിച്ചതെന്നാണ് വിദേശ കാര്യ മന്ത്രാലയത്തിൽ നിന്നും പുറത്തുവരുന്ന വാർത്ത.