
ലണ്ടൻ: യുക്രെയ്ൻ, യൂറോപ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവ തമ്മിലുള്ള ഐക്യത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ് യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമിർ സെലെൻസ്കി. ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസ് എന്നിവർക്കൊപ്പമാണ് സെലെൻസ്കി സംസാരിച്ചത്.
സഖ്യകക്ഷികൾക്കൊപ്പം ഇരുന്നുകൊണ്ട് സംസാരിച്ച സെലെൻസ്കി, തങ്ങളുടെ രാജ്യങ്ങളും യുഎസും തമ്മിലുള്ള ബന്ധം ഉൾപ്പെടെ വളരെ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നേതാക്കൾ ഉദ്ദേശിക്കുന്നുണ്ടെന്ന് പറഞ്ഞു.
നിലവിലുള്ള സമാധാന ചർച്ചകൾക്ക് യൂറോപ്പും യുക്രെയ്നും തമ്മിലുള്ള, അതുപോലെ യൂറോപ്പും യുക്രെയ്നും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള ഐക്യം പ്രധാനമാണെന്ന് സെലെൻസ്കി വ്യക്തമാക്കി. യുഎസിനെ കൂടാതെ നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ല… യൂറോപ്പിനെ കൂടാതെയും നമുക്ക് കഴിയില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതുകൊണ്ടാണ് ഞങ്ങൾ ചില പ്രധാന തീരുമാനങ്ങൾ എടുക്കേണ്ടത് എന്ന് പറഞ്ഞ യുക്രെയ്ൻ നേതാവ്, കൂടിക്കാഴ്ച സംഘടിപ്പിച്ചതിന് സ്റ്റാർമറിനും പങ്കെടുത്തതിന് മാക്രോണിനും മെർസിനും നന്ദി അറിയിച്ചു. ട്രംപ് ഭരണകൂടത്തിൻ്റെ സമാധാന നിർദ്ദേശത്തെച്ചൊല്ലി സെലെൻസ്കിക്ക് നേരെ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് യൂറോപ്യൻ രാജ്യങ്ങളുമായുള്ള ഈ കൂടിക്കാഴ്ചയുടെ പ്രാധാന്യം വർധിക്കുന്നത്.














