ചാർളി കിർക്കിന്റെ കൊലപാതകം പുനരാവിഷ്‌കരിച്ച വിദ്യാർത്ഥിയെ ടെക്സസ് സർവകലാശാലയിൽ പുറത്താക്കി

ടെക്‌സസ്: ആക്ടിവസ്റ്റും പ്രസിഡന്റ് ട്രംപിന്റെ അടുത്ത അനുയായിയുമായ ചാര്‍ളി കിര്‍ക്കിന്റെ കൊലപാതകം പുനരാവിഷ്‌കരിച്ചതിന് ടെക്‌സസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഒരു വിദ്യാര്‍ത്ഥിയെ പുറത്താക്കി. ക്യാമ്പസിലെ ഒരു അനുസ്മരണ പരിപാടിയിലായിരുന്നു സംഭവം.

വിദ്യാര്‍ത്ഥി ചാര്‍ളി കിര്‍ക്കിന്റെ മരണത്തെ അനുകരിച്ച് അദ്ദേഹത്തെ പരിഹസിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങളില്‍, ചാര്‍ളി കിര്‍ക്ക് സഹസ്ഥാപകനായ യാഥാസ്ഥിതിക യുവജന സംഘടനയായ ടേണിംഗ് പോയിന്റ് യുഎസ്എ (ടിപിയുഎസ്എ) യുടെ പ്രാദേശിക ചാപ്റ്ററിനെതിരെ വിദ്യാര്‍ത്ഥി മോശം പദപ്രയോഗം നടത്തുന്നതും കേള്‍ക്കാം.

ടെക്സസ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഉള്‍പ്പെടെയുള്ളവര്‍ വീഡിയോയ്ക്കെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ച് എത്തിയിരുന്നു. ‘ഹേയ്, ടെക്‌സസ് സ്റ്റേറ്റ്. ഈ പെരുമാറ്റം ഞങ്ങളുടെ സ്‌കൂളുകളില്‍ സ്വീകാര്യമല്ല. ഈ വിദ്യാര്‍ത്ഥിയെ ഉടന്‍ പുറത്താക്കുക. കൊലപാതകത്തെ പരിഹസിക്കുന്നത് അനന്തരഫലങ്ങള്‍ ഉണ്ടാക്കും’ – അദ്ദേഹം വിഡിയോ പങ്കുവെച്ചുകൊണ്ട് സമൂഹ മാധ്യമത്തിലെഴുതി. ടെക്‌സസ് സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി പ്രസിഡന്റ് കെല്ലി ഡാംഹൗസ് വിഷയത്തില്‍ ഇടപെട്ടു. വിദ്യാര്‍ത്ഥിയെ പുറത്താക്കിയതായി സമൂഹം മാധ്യമം വഴി അദ്ദേഹം അറിയിക്കുകയും ചെയ്തു.

‘തിങ്കളാഴ്ചത്തെ പരിപാടിയില്‍ നിന്നുള്ള അസ്വസ്ഥമായ വീഡിയോയിലെ വിദ്യാര്‍ത്ഥിയെ സര്‍വകലാശാല തിരിച്ചറിഞ്ഞിട്ടുണ്ട്. നമ്മുടെ കാമ്പസുകളില്‍ അക്രമത്തെ പരിഹസിക്കുന്നതോ നിസ്സാരവല്‍ക്കരിക്കുന്നതോ പ്രോത്സാഹിപ്പിക്കുന്നതോ ആയ പെരുമാറ്റം ഞാന്‍ അനുവദിക്കില്ല. അത് നമ്മുടെ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണ്.’- ഡാംഹൗസ് കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide