‘സ്വതന്ത്രനായി, തലയുയർത്തി യുഎസ് വിടാൻ തീരുമാനിച്ചു’; ട്രംപ് ഭരണകൂട വേട്ടയാടലിന് പിന്നാലെ ഒരു വിദ്യാര്‍ത്ഥി കൂടി രാജ്യം വിട്ടു

വാഷിംഗ്ടണ്‍: ഇസ്രായേലിനെതിരായ പ്രതിഷേധ പ്രവർത്തനങ്ങളെ തുടർന്ന് യുഎസ് വിസ റദ്ദാക്കിയ കോർണൽ യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥി നാടുകടത്തുന്നതിന് പകരം യുഎസ് വിടാൻ തീരുമാനിച്ചു. യുകെ, ഗാംബിയ എന്നിവിടങ്ങളിലെ സംയുക്ത പൗരനായ മൊമോഡു ടാലിന്‍റെ വിദ്യാർത്ഥി വിസ യുഎസ് റദ്ദാക്കിയിരുന്നു. ഇസ്രായേൽ-ഗാസ യുദ്ധം രൂക്ഷമായ കഴിഞ്ഞ വർഷം കാമ്പസിലെ പ്രതിഷേധ പ്രവർത്തനങ്ങളെ തുടർന്നായിരുന്നു ഈ നടപടി.

നാടുകടത്തല്‍ തടയാൻ നേരത്തെ മൊമോഡു കേസ് ഫയൽ ചെയ്തിരുന്നു. എന്നാൽ നാടുകടത്തൽ വൈകിപ്പിക്കാനുള്ള ആവശ്യം ഒരു ജഡ്ജി നിരസിച്ചതിനെ തുടർന്ന് തിങ്കളാഴ്ച എക്‌സിൽ താൻ “സ്വതന്ത്രനായി തലയുയർത്തി രാജ്യം വിടാൻ” തീരുമാനിച്ചതായി ടാല്‍ പോസ്റ്റ് ചെയ്തു. യൂണിവേഴ്സിറ്റി കാമ്പസുകളിൽ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കെതിരെ ട്രംപ് ഭരണകൂടം കടുത്ത നടപടികളാണ് തുടരുന്നത്.

യുഎസ് ഭരണകൂടം നാടുകടത്തലിനായി ലക്ഷ്യമിട്ടതിനെ തുടർന്ന് യുഎസ് വിടാൻ തീരുമാനിക്കുന്ന രണ്ടാമത്തെ അന്താരാഷ്ട്ര വിദ്യാർത്ഥിയാണ് ടാൽ. ട്രംപ് ഭരണകൂടം ഈ കേസുകളെ “സ്വയം നാടുകടത്തലുകൾ” എന്നാണ് വിശേഷിപ്പിക്കുന്നത്. ന്യൂയോർക്ക് സംസ്ഥാനത്തെ ഐവി ലീഗ് സ്‌കൂളായ കോർണൽ, പ്രതിഷേധ പ്രവർത്തനങ്ങളെ തുടർന്ന് ടാലിനെ രണ്ടുതവണ സസ്‌പെൻഡ് ചെയ്തിരുന്നു.

More Stories from this section

family-dental
witywide