
കൊച്ചി : ഇന്ന് രാവിലെ 9.30 ഓടെ ഇന്ത്യക്കെതിരായ യുഎസിന്റെ അധിക തീരുവ പ്രാബല്യത്തില്‍ വന്നതോടെ കേരളത്തിനും കാര്യമായി തിരിച്ചടിയുണ്ടാകും. തീരുവ 50 ശതമാനത്തില്‍ തുടര്‍ന്നാല്‍ കേരളത്തിന്റെ ഭക്ഷ്യോല്‍പന്നങ്ങള്‍ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നതില്‍ 75% വരെ ഇടിവുണ്ടായേക്കുമെന്നാണ് വിലയിരുത്തല്‍.
ശീതീകരിച്ചതും അല്ലാത്തതുമായ ഉല്‍പന്നങ്ങളുടെ വില വര്‍ധിച്ചാല്‍ ഉപഭോക്താക്കള്‍ക്കു താങ്ങാനാവാതെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നു പുറത്താവും. മലയാളികള്‍ അടക്കമുള്ള വലിയൊരു ഇന്ത്യന്‍ സമൂഹം ജീവിക്കുന്ന അമേരിക്കന്‍ വിപണി ഇന്ത്യന്‍ വിഭവങ്ങളുടെ വിലക്കയറ്റത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുന്നത് ഈ സമൂഹത്തെയും ബാധിക്കും. എന്നാല്‍ ഓണ വിപണിക്കായി കഴിഞ്ഞ മാസം കയറ്റി അയച്ച ശീതീകരിച്ച ഓണ സദ്യയും സാബാറും പായസവുമെല്ലാം അമേരിക്കയില്‍ എത്തിക്കഴിഞ്ഞതിനാല്‍ ഓണത്തെ ഇത് കാര്യമായി ബാധിക്കാന്‍ സാധ്യതയില്ല.
അതേസമയം, മെക്‌സിക്കോയില്‍ നിന്നും മറ്റും വില കുറഞ്ഞ ഭക്ഷ്യ വിഭവങ്ങള്‍ ധാരാളമായി യുഎസിലേക്കു വരുന്നുണ്ട്. ഇവയ്ക്ക് 10% തീരുവ മാത്രമാണുള്ളത്. ഇന്നുകൂടി ഇന്ത്യയില്‍ നിന്നു കപ്പല്‍ കയറുന്ന ഉല്‍പന്നങ്ങള്‍ക്കും പഴയ തീരുവ ആയതിനാല്‍ കപ്പലുകളിലെ കണ്ടെയ്‌നറുകളില്‍ യാത്ര തുടരുന്നവയ്ക്കും പ്രശ്‌നമില്ല. ഓണം കഴിഞ്ഞ ശേഷമുള്ള കയറ്റുമതിക്കാവും വന്‍ ഇടിവുണ്ടാവുക.
അമേരിക്കന്‍ വിപണിലേക്ക് കേരളത്തില്‍ നിന്ന് 15 കമ്പനികള്‍ ഭക്ഷ്യോല്‍പന്ന കയറ്റുമതി ചെയ്യുന്നുണ്ട്. ഇവയില്‍ പലതിന്റെയും കയറ്റുമതിയുടെ 40% വരെ അമേരിക്കയിലേക്കാണ്. യുഎസിലേക്കു കയറ്റുമതി ചെയ്യുന്ന ഫാക്ടറികള്‍ക്ക് അവിടുത്തെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ (എഫ്ഡിഎ) പരിശോധനകളുടെ കനത്ത ചെലവും വഹിക്കേണ്ടതുണ്ട്. തീരുവകൂടി വര്‍ദ്ധിക്കുമ്പോള്‍ യുഎസ് വിപണിയില്‍ നിന്നുമാറി യൂറോപ്പിലേക്കും യുകെയിലേക്കും കയറ്റുമതിക്കു സാധ്യത തേടുകയാണ് മിക്കവരും.
ഇന്ത്യയില്‍ നിന്നുള്ള പ്രധാന കയറ്റുമതികളായ റെഡിമെയ്ഡ് വസ്ത്രങ്ങള്‍, സമുദ്രോല്‍പന്നങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, കയര്‍ ഉല്‍പനങ്ങള്‍ എന്നിവയ്‌ക്കെല്ലാമാണ് ഉയര്‍ന്ന തീരുവ ബാധകമാകുന്നത്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതി ഭൂരിഭാഗവും വോള്‍ മാര്‍ട്ട്, ടെസ്‌കോ പോലുള്ള യു എസ് റീട്ടെയ്ല്‍ സ്റ്റോറുകളിലേ ക്ക് അയയ്ക്കുന്നവര്‍ക്ക് വലിയ തിരിച്ചടിയാണ് 50% തീരുവ.
യുഎസ് അധിക തീരുവ നേരിടാന്‍ തീരുവ കുറവുള്ള മൂന്നാമതൊരു രാജ്യത്തേക്ക് ആദ്യം കയറ്റുമതി ചെയ്ത് അവിടെ നിന്ന് പുനര്‍കയറ്റുമതി ചെയ്യാമെന്നൊരു പദ്ധതി ഉയര്‍ന്നു വന്നെങ്കിലും അതും ഫലം കണ്ടില്ല. പുനര്‍ കയറ്റുമതി ചെയ്താല്‍ 40% പിഴത്തീരുവ ഈടാക്കുമെന്ന് യുഎസ് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇറക്കുമതിയില്‍ ഇന്ത്യ പതുങ്ങുമ്പോള്‍, താരതമ്യേന തീരുവ കുറവുള്ള ചൈന വിലക്കുറവില്‍ യുഎസ് വിപണി പിടിക്കാനെത്തും. ഇതും ഇന്ത്യക്ക് തിരിച്ചടിയാകും.