
വാഷിംഗ്ടണ്‍: ജമ്മുകാശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പാക്കിസ്ഥാന് മറുപടി നല്‍കിയ ഓപ്പറേഷന്‍ സിന്ദൂരില്‍ വെടിനിര്‍ത്തലിന് ഇടയായത് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആണെന്ന് ആവര്‍ത്തിച്ച് അമേരിക്ക.
ഇന്ത്യയും പാകിസ്ഥാനും ഒരു സൈനിക സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ അമേരിക്ക ‘നേരിട്ട് ഇടപെട്ടു’ എന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അവകാശപ്പെട്ടു. അമേരിക്കയുടെ ഈ വാദം ഇന്ത്യ ആവര്‍ത്തിച്ച് നിഷേധിക്കുന്നുണ്ടെങ്കിലും അവസരം കിട്ടുമ്പോഴൊക്കെ അമേരിക്ക ഇത് ഉയര്‍ത്തുന്നുണ്ട്. ആണവായുധങ്ങളുള്ള ഇരു രാജ്യങ്ങളേയും വലിയൊരു സംഘര്‍ഷത്തിലേക്ക് എത്തിക്കാതെ തടഞ്ഞത് ട്രംപ് ആണെന്നാണ് റൂബിയോ പറയുന്നത്.
EWTN (Eternal Word Television Network)-ന്റെ ‘ദി വേള്‍ഡ് ഓവര്‍’ എന്ന പരിപാടിക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് ട്രംപ് സമാധാനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നും ‘സമാധാനത്തിന്റെ പ്രസിഡന്റ്’ ആകുന്നതിന് പ്രതിജ്ഞാബദ്ധനാണെന്നും റൂബിയോ പുകഴ്ത്തിയത്. ഈ പരാമര്‍ശത്തോടൊപ്പമാണ് ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തില്‍ ഏര്‍പ്പെട്ടപ്പോള്‍, ഞങ്ങള്‍ നേരിട്ട് ഇടപെട്ടു, പ്രസിഡന്റിന് ആ സമാധാനം കൈവരിക്കാന്‍ കഴിഞ്ഞു’ എന്ന് റൂബിയോ പറഞ്ഞത്. ‘കംബോഡിയ – തായ്ലന്‍ഡ്, അസര്‍ബൈജാന്‍ – അര്‍മേനിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ-റുവാണ്ട അങ്ങനെ ട്രംപ് നടത്തിയ സമാധാന ശ്രമങ്ങള്‍ ഏറെയാണെന്നും റൂബിയോ ഉദാഹരണം നിരത്തി.
കഴിഞ്ഞ മെയ് 10 മുതല്‍, ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ‘പരിഹരിക്കാന്‍ സഹായിച്ചു’ എന്ന് ട്രംപ് ആവര്‍ത്തിച്ച് അവകാശപ്പെട്ടിരുന്നു. ഇരുകൂട്ടരും സംഘര്‍ഷം അവസാനിപ്പിച്ചാല്‍ അമേരിക്ക അവരുമായി ‘ധാരാളം വ്യാപാരം’ നടത്തുമെന്ന് പറഞ്ഞതോടെയാണ് വെടിനിര്‍ത്തല്‍ സാധ്യമായതെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ വെടിനിര്‍ത്തലിന് പാക്കിസ്ഥാന്‍ നേരിട്ട് ഇടപെട്ട് ആവശ്യപ്പെട്ടെന്നും അമേരിക്ക എന്നല്ല, മറ്റൊരു മൂന്നാം രാജ്യവും ഇതിനായി ഇടപെട്ടില്ലെന്നും ഇന്ത്യ ആവര്‍ത്തിക്കുന്നുണ്ട്.









