
ഹൈദരാബാദ്: യുഎസ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡിവലപ്മെന്റിന്റെ (യുഎസ് എയ്ഡ്) സഹായധനത്തില്‍ പ്രവര്‍ത്തിക്കുന്ന, ട്രാന്‍സ്ജെന്‍ഡറുകള്‍ക്കായുള്ള ഹൈദരാബാദിലെ ആദ്യത്തെ ‘മിത്ര്’ ക്ലിനിക് കഴിഞ്ഞ മാസം പൂട്ടി. സാമ്പത്തിക അവലോകനം പൂര്‍ത്തിയാകുംവരെ എല്ലാ വിദേശസഹായങ്ങളും താത്കാലികമായി നിര്‍ത്തിവെക്കാന്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതാണ് കാരണം.
അയ്യായിരത്തോളം പേര്‍ക്ക് നല്കിക്കൊണ്ടിരുന്ന സേവനമാണ് ഇതോടെ തടസ്സപ്പെട്ടത്. 2021-ല്‍ ഹൈദരാബാദിലാണ് ക്ലിനിക് ആരംഭിച്ചത്. കല്യാണ്‍, പുണെ നഗരങ്ങളിലാണ് മറ്റുള്ളവ. ഓരോ ക്ളിനിക്കിന്റെയും പ്രവര്‍ത്തനത്തിന് വര്‍ഷം 30 ലക്ഷത്തോളം ചെലവുവരും.
ഹോര്‍മോണ്‍ തെറപ്പി, മാനസികാരോഗ്യം, ലൈംഗികരോഗങ്ങളെക്കുറിച്ചുള്ള കൗണ്‍സലിങ്, പൊതു വൈദ്യപരിചരണത്തിനുപുറമേ നിയമസഹായം എന്നീ സേവനങ്ങളാണ് ലഭിച്ചിരുന്നത്. യുഎസ് നികുതിദായകരുടെ പണം ഉപയോഗിച്ച് സഹായം നല്കുന്ന എല്ലാ പദ്ധതികളും ട്രംപിന്റെ ‘അമേരിക്ക ഫസ്റ്റ്’ നയവുമായി പൊരുത്തപ്പെടുന്നതാണോ എന്ന് ഉറപ്പാക്കുന്നതിനാണ് താത്കാലികമായി സഹായം നിര്‍ത്തിവെച്ചത്.
US Aid crackdown Hyderabad’s first clinic for transgenders shuts down