
വാഷിംഗ്ടൺ: ഡോണൾഡ് ട്രംപുമായി ഇടയുകയും പുതിയ പാർട്ടി പ്രഖ്യാപിക്കുകയും ചെയ്ത ശതകോടീശ്വരൻ ഇലോൺ മസ്കിന് കനത്ത തിരിച്ചടി. ഹൈപ്പര്‍സോണിക് റോക്കറ്റ് ഉപയോഗിച്ചുള്ള കാര്‍ഗോ വിതരണം പരീക്ഷിക്കാന്‍ ലക്ഷ്യമിട്ട് മസ്‌കിന്റെ സ്‌പേസ് എക്‌സുമായി സഹകരിക്കാനുള്ള നീക്കം താത്കാലികമായി യുഎസ് എയര്‍ഫോഴ്‌സ് നിര്‍ത്തിവെച്ചു.
പസഫിക് വന്യജീവി സങ്കേതമായ ജോണ്‍സ്റ്റണ്‍ അറ്റോളില്‍ നിന്ന് പരീക്ഷണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍ നിരവധി കടല്‍ പക്ഷികള്‍ക്ക് ഈ പരീക്ഷണം അപകടമുണ്ടാക്കുമെന്ന് ജീവശാസ്ത്രജ്ഞരും വിദഗ്ധരുമടക്കം മുന്നറിയിപ്പ് നല്‍കി. സ്‌പേസ് എക്‌സ് വികസിപ്പിച്ചെടുത്തവ പോലുള്ള വാണിജ്യ റോക്കറ്റുകള്‍ ഉപയോഗിച്ച് ഏകദേശം 90 മിനിറ്റിനുള്ളില്‍ ഭൂമിയിലെവിടെയും 100 ടണ്‍ വരെ കാര്‍ഗോ എത്തിക്കാന്‍ ലക്ഷ്യമിടുന്ന പദ്ധതിയുടെ പരീക്ഷണങ്ങളായിരുന്നു ലക്ഷ്യം.
ഭൂമിയിലെ ഏത് വിദൂര പ്രദേശങ്ങളിലേക്കും സൈനിക ഉപകരണങ്ങളും ആയുധങ്ങളമടക്കം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ എത്തിക്കാന്‍ കഴിയുന്ന തരത്തിലേക്ക് മുന്നേറാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പരീക്ഷണം. അതിനാല്‍ നിലവിലെ സൈനിക നീക്കങ്ങളില്‍ വലിയ മാറ്റമുണ്ടാക്കാന്‍ പരീക്ഷണം വഴിതെളിക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്നു. എന്നാല്‍ ഈ പദ്ധതിക്കായി എയര്‍ഫോഴ്‌സ് ഇപ്പോള്‍ മറ്റുസ്ഥലങ്ങള്‍ തേടുകയാണെന്നാണ് ഉന്നത വൃത്തങ്ങളില്‍നിന്നുള്ള വിവരം. പദ്ധതിയുടെ പരിസ്ഥിതി ആഘാതം വിലയിരുത്താനും നീക്കങ്ങള്‍ നടക്കുന്നുണ്ട്. അതിനിടെ സഹകരണം നിര്‍ത്തിവെക്കുന്നത് സംബന്ധിച്ച വാര്‍ത്തകളോട് യുഎസ് എയര്‍ഫോഴ്‌സോ സ്‌പേസ് എക്‌സോ പ്രതികരിച്ചില്ല