
മസ്കറ്റ്: അമേരിക്ക – ഇറാൻ ആണവ വിഷയവുമായി ബന്ധപ്പെട്ട നാലാംഘട്ട ചർച്ച ഒമാനില്‍ നടന്നു. ഇരുകക്ഷികളും കരാറിലേക്ക് എത്തുന്നതിനുള്ള നീക്കത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ആണവായുധങ്ങൾ സ്വന്തമാക്കില്ലെന്നും എന്നാൽ ഊർജാവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടീകരണം നടത്താമെന്നുമുള്ള രീതിയിലാണ് ചർച്ച പുരോഗമിക്കുന്നത്.
ഇറാനുമേലുള്ള യുഎസ് ഉപരോധങ്ങൾ ഒന്നൊന്നായി പിൻവലിക്കുന്ന കാര്യങ്ങളും ചർച്ചകളിലാണ്. ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദിയുടെ മധ്യസ്ഥതയിൽ ഏതാണ്ട് മൂന്ന് മണിക്കൂർ നീണ്ടതായിരുന്നു ചർച്ച. മാന്യമായ കരാറുകളിൽ എത്താനാണ് ആഗ്രഹിക്കുന്നതെന്ന് ചർച്ചകൾക്ക് ശേഷം സയ്യിദ് ബദർ പറഞ്ഞു. ഇരു കക്ഷികളും അവരുടെ നേതൃത്വങ്ങളുമായി കൂടിയാലോചിച്ച ശേഷം അഞ്ചാം റൗണ്ട് ചർച്ചകൾ നടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചകൾ ബുദ്ധിമുട്ടുള്ളതും എന്നാൽ ഉപയോഗപ്രദവുമായിരുന്നുവെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥൻ ഇസ്മായിൽ ബഖായ് അറിയിച്ചു.














