
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസിനെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ ട്രംപ് ഭരണകൂടത്തിന്റെ സമ്മര്‍ദ്ദം വന്നതോടെ യുഎസ് അറ്റോര്‍ണി എറിക് സീബര്‍ട്ട് രാജിവച്ചു. ‘എനിക്ക് അദ്ദേഹത്തെ പുറത്താക്കണം’ എന്ന് ട്രംപ് വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞതിനു തൊട്ടുപിന്നാലെ രാജി പ്രഖ്യാപിക്കുകയായിരുന്നു എറിക് സീബര്‍ട്ട്.
വിര്‍ജീനിയയുടെ കിഴക്കുള്ള അലക്‌സാണ്ട്രിയയിലെ അറ്റോര്‍ണിയായിരുന്നു സീബര്‍ട്ട്. തന്റെ ഓഫീസിലെ ജീവനക്കാരെ ഇമെയിലിലൂടെ തീരുമാനം അറിയിക്കുകയായിരുന്നുവെന്ന് എബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ട്രംപിനെതിരായ ന്യൂയോര്‍ക്ക് സിവില്‍ തട്ടിപ്പ് കേസ് കൊണ്ടുവന്നത് ലെറ്റീഷ്യ ജെയിംസായിരുന്നു. ട്രംപും മക്കളായ എറിക് ട്രംപ്, ഡോണള്‍ഡ് ട്രംപ് ജൂനിയര്‍ എന്നിവരും ഈ കേസിലെ പ്രതികളാണ്. ഇവരുടെ ആസ്തി മൂല്യം പെരുപ്പിച്ച് കാട്ടി തട്ടിപ്പ് നടത്തിയെന്നാണ് ലെറ്റീഷ്യ ജയിംസ് കൊണ്ടുവന്ന കേസ്. 2022ലായിരുന്നു കേസ് ഫയല്‍ ചെയ്തത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 16നാണ് കേസിന്റെ വിധി വന്നത്. 464 മില്യണ്‍ ഡോളര്‍ പിഴയ്ക്കു പുറമെ ന്യൂയോര്‍ക്കില്‍ മൂന്നു വര്‍ഷത്തേക്ക് ട്രംപും മക്കള്‍ക്കും വായ്പയെടുക്കുന്നതും ബിസിനസ് നടത്തുന്നതും വിധി വഴി കോടതി തടഞ്ഞിരുന്നു. എന്നാല്‍, അപ്പീല്‍ കോടതിയെ സമീപിച്ചപ്പോള്‍ 464 എന്ന പിഴ 175 മില്യണ്‍ ഡോളറാക്കി കുറച്ചിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ് എന്നാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആരോപണം. ഡെമോക്രാറ്റായ പ്രോസിക്യൂട്ടര്‍ ട്രംപിനെ വേട്ടയാടുകയാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. എന്നാൽ ഈ കേസ് ലെറ്റീഷ്യ കെട്ടിച്ചമച്ചതാണെന്നതിന് കൃത്യമായ തെളിവുകള്‍ കണ്ടെത്താന്‍ ട്രംപിന് കഴിഞ്ഞിരുന്നില്ല. എന്നിട്ടും, ലെറ്റീഷ്യ ജെയിംസിനെതിരെ കുറ്റം ചുമത്താന്‍ ട്രംപ് ഉദ്യോഗസ്ഥര്‍ സീബര്‍ട്ടിനെ സമ്മര്‍ദ്ദത്തിലാക്കിയതായി വൃത്തങ്ങള്‍ പറഞ്ഞു. ഇതാണ് രാജിയിൽ കലാശിച്ചത്.
ട്രംപിനെതിരായി കേസുണ്ടാക്കാന്‍ ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറല്‍ ലെറ്റീഷ്യ ജെയിംസ് രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചതായാണ് ട്രംപ് ഭരണകൂടം ആരോപിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണം നിലനില്‍ക്കില്ലെന്ന് എറിക് സീബര്‍ട്ട് സംശയം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്.














