
വാഷിംഗ്ടണ്‍: ട്രാന്‍സ്‌ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള സ്‌പോര്‍ട്‌സ് വിസകള്‍ക്ക് ഇനി അമേരിക്കയില്‍ സാധുത ഇല്ല. ഇത്തരം വിസകള്‍ക്ക് അമേരിക്ക വിലക്കേര്‍പ്പെടുത്തി. വനിതാ കായിക ഇനങ്ങളില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്ന ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകള്‍ക്കുള്ള വിസാ എലിജിബിലിറ്റി നിയന്ത്രിക്കുന്നതിന് കുടിയേറ്റ നയത്തില്‍ മാറ്റം വരുത്തിയെന്നാണ് യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസ് അറിയിച്ചിരിക്കുന്നത്.
വിദേശീയരായ പുരുഷ അത്‌ലറ്റുകള്‍ അവരുടെ ജെന്‍ഡര്‍ ഐഡന്റിറ്റി മാറ്റി അവരുടെ ജൈവിക നേട്ടങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള പഴുതുകള്‍ അടക്കുകയാണ് യുഎസ്സിഐഎസ് എന്നാണ് പുതിയ നീക്കത്തെക്കുറിച്ച് യുഎസ്സിഐഎസ് വക്താവ് മാത്യു ട്രാഗെസര്‍ പറഞ്ഞത്. ട്രാന്‍സ് വനിതകളാണെങ്കിലും അവരെ ഒരു പുരുഷ അത്ലറ്റ് എന്നാണ് കണക്കാക്കുന്നത്. അതിനാല്‍ പുരുഷന്മാര്‍ സ്ത്രീകള്‍ക്കെതിരെ മത്സരിക്കുന്നുവെന്നാണ് യുഎസിന്റെ വിശദീകരണം. ഇത്തരക്കാരുടെ വിസ അപേക്ഷകള്‍ യുഎസ്സിഐഎസ് റദ്ദാക്കും. വനിതകള്‍ മത്സരിക്കുന്ന കായിക ഇനങ്ങളില്‍ പങ്കെടുക്കാന്‍ യുഎസിലേക്ക് വരാന്‍ വനിതാ അത്ലറ്റുകള്‍ക്ക് മാത്രമേ വിസ അനുവദിക്കേണ്ടതുള്ളൂ എന്നതാണ് തീരുമാനം. സുരക്ഷ, ന്യായം, ബഹുമാനം, സത്യം എന്നിവ സംബന്ധിച്ച കാര്യമാണിതെന്നും യുഎസ്സിഐഎസ് വക്താവ് കൂട്ടിച്ചേര്‍ത്തു.
അത്ലറ്റിക്സില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ നിയന്ത്രിക്കുന്നതിനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നയംതന്നെയാണ് ഇതിലൂടെ വ്യക്തമാകുന്നത്. വനിതാ കായിക ഇനങ്ങളില്‍ ട്രാന്‍സ്ജെന്‍ഡര്‍ സ്ത്രീകളെ മത്സരിക്കുന്നതില്‍ നിന്ന് വിലക്കുന്നത് സംബന്ധിച്ച് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഒളിമ്പിക് & പാരാലിമ്പിക് കമ്മിറ്റി കഴിഞ്ഞ മാസം അവരുടെ നയത്തില്‍ മാറ്റം വരുത്തിയിരുന്നു.