
വാഷിംഗ്ടണ്‍: പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഫ്രാന്‍സ് നേതൃത്വം നല്‍കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ പലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നിഷേധിക്കുമെന്ന് അമേരിക്ക. പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ നിരവധി പാശ്ചാത്യ രാജ്യങ്ങള്‍ തയ്യാറെടുക്കുന്നതിനിടെയാണ് യു എസിന്റെ ഈ നീക്കം.
‘വരാനിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിക്ക് മുന്നോടിയായി, സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ (പിഎല്‍ഒ), പലസ്തീന്‍ അതോറിറ്റി (പിഎ) അംഗങ്ങളില്‍ നിന്നുള്ള വിസ നിഷേധിക്കുകയും റദ്ദാക്കുകയും ചെയ്യുന്നു,’ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ഗാസയില്‍ പലസ്തീന്‍ ഗ്രൂപ്പായ ഹമാസിനെതിരെ യുദ്ധം ചെയ്യുന്ന ഇസ്രായേല്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഈ നീക്കം കൂടുതല്‍ വ്യക്തമാണ്. ഇസ്രായേല്‍ പലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്നത് ശക്തമായി നിരസിക്കുന്നുണ്ട്. അമേരിക്കയുടെ നടപടിയില്‍ ഇസ്രയേല്‍ നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ‘ഈ ധീരമായ നടപടിക്കും ഒരിക്കല്‍ കൂടി ഇസ്രായേലിനൊപ്പം നിന്നതിനും’ ട്രംപ് ഭരണകൂടത്തിന് നന്ദി എന്ന് ഇസ്രായേല്‍ വിദേശകാര്യ മന്ത്രി ഗിഡിയന്‍ സാര്‍ എക്സില്‍ കുറിച്ചിരുന്നു.