
വാഷിംഗ്ടണ്‍ : ഉലച്ചിലിലായിരുന്ന യുഎസ്-ചൈന വ്യാപാര ബന്ധം വീണ്ടും തളിര്‍ക്കുന്നതിന്റെ സൂചനകള്‍ നല്‍കി യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്. താനും ചൈനീസ് വൈസ് പ്രസിഡന്റ് ഹീ ലൈഫെങ്ങും ‘വിശദമായ വ്യാപാര ചര്‍ച്ചകള്‍’ നടത്തിയതായി ബെസെന്റ് തന്നെ വെളിപ്പെടുത്തി. ഒക്ടോബര്‍ 17 ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഹീ ലൈഫെങ്ങും ഞാനും യുണൈറ്റഡ് സ്റ്റേറ്റ്‌സും ചൈനയും തമ്മിലുള്ള വ്യാപാരത്തെക്കുറിച്ച് വ്യക്തവും വിശദവുമായ ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടു. ചര്‍ച്ചകള്‍ അവസാനിച്ചിട്ടില്ല. ചര്‍ച്ചകള്‍ തുടരാന്‍ അടുത്ത ആഴ്ച ഞങ്ങള്‍ നേരിട്ട് കാണും,’ ബെസെന്റ് പറഞ്ഞു.
ചൈനീസ് ഇറക്കുമതികള്‍ക്ക് 100% അധിക താരിഫ് ഏര്‍പ്പെടുത്താനുള്ള തന്റെ നിര്‍ദ്ദേശം സുസ്ഥിരമല്ലെന്നും മാറ്റത്തിനു വിധേയമാകുമെന്നും കഴിഞ്ഞ ദിവസം പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് വ്യാപാര ബന്ധത്തിലെ വളര്‍ച്ചയെക്കുറിച്ച് സ്‌കോട്ട് ബെസെന്റും വ്യക്തമാക്കിയത്.
ചൈന അപൂര്‍വ ഭൗമ ധാതുക്കളുടെ കയറ്റുമതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഡോണള്‍ഡ് ട്രംപ് എല്ലാ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്കും 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ചത്. ചൈനയുടെ അസാധാരണമായ നീക്കങ്ങള്‍ക്കുള്ള പ്രതികാര നടപടിയായി നവംബര്‍ 1 മുതല്‍ രാജ്യത്തിന് മേല്‍ അധിക നികുതി ബാധകമായിരിക്കും. നിര്‍ണമായ സോഫ്റ്റ്വെയറുകളില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും ട്രംപ് പറഞ്ഞിരുന്നു. പിന്നാലെയാണ് വ്യാപാര ചര്‍ച്ചകള്‍ പച്ചപിടിച്ചത്.
US-China trade relations are improving. Scott Besant says he held talks with Chinese Vice President.