പാകിസ്ഥാൻ പ്രതിനിധി സംഘം യുഎസിലേക്ക്; ഷെഹബാസ് ഷെരീഫും ട്രംപും കൂടിക്കാഴ്ച നടത്തുമോ? അഭ്യൂഹങ്ങൾ സജീവം

വാഷിംഗ്ടൺ: പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപും തമ്മിൽ ഒരു കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾ സജീവം. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് വക്താവ് ടാമി ബ്രൂസ് നടത്തിയ ഒരു പരാമർശമാണ് ഈ സാധ്യതകൾ സജീവമാക്കിയത്. കശ്മീർ വിഷയത്തിൽ മധ്യസ്ഥത വഹിക്കാമെന്ന ട്രംപിന്‍റെ മുൻകാല വാഗ്ദാനത്തെക്കുറിച്ചുള്ള ഒരു റിപ്പോർട്ടറുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ബ്രൂസ്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം താൻ തടഞ്ഞുവെന്ന് അവകാശപ്പെട്ടുകൊണ്ടായിരുന്നു ട്രംപ് ഈ നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നത്.

മറുപടി നൽകുന്നതിനിടെ, ഒരു പാകിസ്ഥാൻ പ്രതിനിധി സംഘം ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി വാഷിംഗ്ടണിൽ എത്തുന്നുണ്ടെന്ന് ബ്രൂസ് സ്ഥിരീകരിച്ചു. പാകിസ്ഥാൻ സംഘം ഉഭയകക്ഷി ചർച്ചകൾക്കായി ഇവിടെയെത്തും, ഞാനും അതിൽ പങ്കെടുക്കും, അതിനാൽ ഞാനത് ഉറ്റുനോക്കുന്നു എന്ന് ബ്രൂസ് പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു. എന്നെ ചിരിപ്പിക്കുന്ന കാര്യങ്ങൾ എനിക്കിഷ്ടമാണ്, ഇവിടെയുള്ള ചോദ്യങ്ങളിൽ അധികമൊന്നും എന്നെ ചിരിപ്പിക്കാറില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി അറേബ്യയിൽ വെച്ച് ട്രംപ് നടത്തിയ പരാമർശങ്ങളെ തുടർന്നായിരുന്നു ബ്രൂസിൻ്റെ ഈ പ്രതികരണം. ഇന്ത്യയെയും പാകിസ്ഥാനെയും ചർച്ചകൾക്കായി ഒരുമിച്ച് കൊണ്ടുവരാൻ താൻ തൻ്റെ ടീമിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും, ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം താൻ തടഞ്ഞുവെന്നും ട്രംപ് അന്ന് അവകാശപ്പെട്ടിരുന്നു.

ഈ അഭ്യൂഹങ്ങൾക്കിടെ, ട്രംപ് പാകിസ്ഥാൻ സന്ദർശിക്കാൻ പദ്ധതിയിടുന്നതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ആ വാദങ്ങൾ പിന്നീട് വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. പാകിസ്ഥാനിലെ പ്രമുഖ വാർത്താ ചാനലുകളായ ജിയോ ന്യൂസും എആർവൈ ന്യൂസും, സെപ്റ്റംബറിൽ യുഎസ് പ്രസിഡന്‍റ് പാകിസ്ഥാൻ സന്ദർശിക്കുമെന്ന് നേരത്തെ പ്രക്ഷേപണം ചെയ്ത റിപ്പോർട്ടുകൾ പിൻവലിക്കുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide