
വാഷിംഗ്ടണ്‍: കാലിഫോർണിയയിലെ ഒരു സുപ്രധാന നിയമം തടയാൻ നീക്കം നടത്തി വാഷിംഗ്ടണിലെ നിയമനിർമ്മാതാക്കൾ. 2035-ഓടെ പെട്രോൾ മാത്രം ഉപയോഗിക്കുന്ന കാറുകളുടെ വിൽപ്പന സംസ്ഥാനത്ത് നിരോധിക്കുന്നതായിരുന്നു ഈ നിയമം. ഫെഡറൽ സർക്കാർ നിശ്ചയിച്ചതിനേക്കാൾ കർശനമായ വാഹന മലിനീകരണ മാനദണ്ഡങ്ങൾ നിശ്ചയിക്കാൻ സംസ്ഥാനത്തിന് അനുമതി നൽകിയിരുന്ന ഇളവ് റദ്ദാക്കിക്കൊണ്ട്, ഈ നിയമം ഫലപ്രദമായി ഇല്ലാതാക്കാൻ സെനറ്റ് പ്രതിനിധി വോട്ട് ചെയ്തു.
റിപ്പബ്ലിക്കൻമാർക്കും, ഊർജ്ജ സ്ഥാപനങ്ങൾക്കും, കാർ നിർമ്മാതാക്കൾക്കും ആശ്വാസമാകുന്നതാണ് ഈ തീരുമാനം. മലിനീകരണത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടാനുള്ള ഒരു പ്രധാന ചുവടുവെപ്പായി ഈ നിയമത്തെ കണ്ടിരുന്ന ഡെമോക്രാറ്റുകൾക്കും പരിസ്ഥിതി ഗ്രൂപ്പുകൾക്കും വലിയ തിരിച്ചടിയുമാണ്. പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഈ നീക്കത്തിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ നിയമപരമായ പോരാട്ടത്തിന് കളമൊരുങ്ങും.
ഫെഡറൽ സർക്കാരിന്‍റെ അതിര് കടന്നുള്ള നടപടി യുക്തിരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നും ഇത് കാലിഫോർണിയക്കാരുടെ ജീവിതത്തിനും ഉപജീവനത്തിനും ചെലവ് വരുത്തുമെന്നും കാലിഫോർണിയ അറ്റോർണി ജനറൽ റോബ് ബോണ്ട പറഞ്ഞു. ഈ നീക്കത്തിനെതിരെ സംസ്ഥാനം കേസെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ന്യൂയോർക്ക്, മസാച്യുസറ്റ്സ്, കൊളറാഡോ, ന്യൂ മെക്സിക്കോ എന്നിവയുൾപ്പെടെ ഏകദേശം ഒരു ഡസനോളം മറ്റ് സംസ്ഥാനങ്ങൾ കാലിഫോർണിയൻ നിയമങ്ങൾ പിന്തുടരാൻ ഉദ്ദേശിച്ചിരുന്നു. വ്യവസായം അനുസരിച്ച് ഇത് കാർ വിപണിയുടെ മൂന്നിലൊന്നിലധികം വരും.