
വാഷിംഗ്ടണ്‍: യുഎസ് വൈസ് പ്രസിഡന്‍റ് ജെ ഡി വാൻസിന്‍റെ ഭാര്യയുടെ മതത്തെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദമായതിനിടെ പിന്തുണയുമായി ഇന്ത്യൻ വംശജനായ കോൺഗ്രസ് അംഗം റോ ഖന്ന. ഉഷ വാൻസിനെ അദ്ദേഹം “കുടിയേറ്റക്കാരുടെ കഴിവുള്ള മകൾ” എന്ന് വിശേഷിപ്പിച്ചു. ഇന്ത്യൻ വംശജയും ഹൈന്ദവ പശ്ചാത്തലവുമുള്ള ഭാര്യ ക്രിസ്തുമതം സ്വീകരിക്കുന്നത് താൻ ആഗ്രഹിക്കുന്നു എന്ന് ജെ ഡി വാൻസ് പറഞ്ഞതോടെയാണ് വിവാദം ആരംഭിച്ചത്. റിപ്പബ്ലിക്കൻ നേതാവായ അദ്ദേഹം, തന്‍റെ കുട്ടികളെ ക്രിസ്ത്യാനികളായി വളർത്തുന്നതിനാൽ ഉഷയും തന്നോടൊപ്പം പള്ളിയിൽ ചേരുന്നുണ്ടെന്നും കൂട്ടിച്ചേർത്തു. ഈ പരാമർശം വിമർശനങ്ങൾക്ക് വഴിവെക്കുകയും, തുടർന്ന് വാൻസ് തന്‍റെ ഭാര്യ ക്രിസ്ത്യാനിയല്ലെന്നും മതം മാറാൻ പദ്ധതിയില്ലെന്നും വ്യക്തമാക്കുകയും ചെയ്തു.
വാൻസിന്‍റെ നയങ്ങളെ താൻ വിമർശിക്കുന്നത്ര കടുപ്പമായി മറ്റാരും വിമർശിച്ചിട്ടില്ലെന്ന് റോ ഖന്ന പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്‍റെ ഭാര്യ കുടിയേറ്റക്കാരുടെ കഴിവുള്ള മകളാണ്, അവർക്ക് ചെറിയ കുട്ടികളുണ്ട്. നയങ്ങളെ വിമർശിക്കുക. അദ്ദേഹത്തിന്‍റെ കുടുംബത്തെ ഇതിൽ നിന്ന് ഒഴിവാക്കുകയെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ നിരീക്ഷകയായ മേഗൻ മക്കെയ്‌നും ഉഷ വാൻസിന് പിന്തുണയുമായി രംഗത്തെത്തി. ഉഷയുടെ ഒതുക്കവും, ബുദ്ധിയും, ചാരുതയും കാരണം അവർ ഒരു വലിയ മുതൽക്കൂട്ട് ആണെന്ന് മക്കെയ്ൻ വിശേഷിപ്പിച്ചു.
“നമ്മുടെ സെക്കൻഡ് ലേഡിയുമായി ക്യാമറയ്ക്ക് മുന്നിൽ ഇരുന്ന് അഭിമുഖം നടത്തിയ ഏക വ്യക്തി എന്ന നിലയിൽ. അവരുടെ ഒതുക്കം, ബുദ്ധി, ചാരുത എന്നിവ കാരണം അവർ ഒരു വലിയ മുതൽക്കൂട്ട് മാത്രമല്ല – രാജ്യത്തുടനീളമുള്ള സ്ത്രീകൾ അവരെ ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുന്നു,” മക്കെയ്ൻ ‘എക്സി’ൽ കുറിച്ചു. സെക്കൻഡ് ലേഡിയെ ട്രംപ് ഭരണകൂടത്തിലെ തന്‍റെ ഏറ്റവും പ്രിയപ്പെട്ട വ്യക്തി എന്ന് വിശേഷിപ്പിച്ച മക്കെയ്ൻ, ആധുനിക അമ്മയും ഒരു സ്റ്റൈൽ ഐക്കണും ആയ അവരുടെ സ്വീകാര്യത പാർട്ടിയെയും രാഷ്ട്രീയ അതിർവരമ്പുകളെയും മറികടക്കുന്നതാണ് എന്നും പ്രശംസിച്ചു.













