
മിയാമി: അമേരിക്കയിലെ ഫ്ലോറിഡയിൽ അനധികൃത കുടിയേറ്റക്കാർക്കായി നിർമ്മിച്ച അലിഗേറ്റർ അൽകട്രാസ് എന്ന തടങ്കൽ കേന്ദ്രത്തിലേക്ക് പുതിയ കുടിയേറ്റക്കാരെ കൊണ്ടുവരുന്നത് യുഎസ് ഫെഡറൽ ജഡ്ജി വിലക്കി. കൂടാതെ, കേന്ദ്രത്തിന്‍റെ ഭൂരിഭാഗം ഭാഗങ്ങളും പൊളിച്ചുമാറ്റാനും ഉത്തരവിട്ടു. ഇതോടെ ഈ സംവിധാനം ഫലത്തിൽ അടച്ചുപൂട്ടി.
വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഫ്ലോറിഡ സർക്കാർ ഉടൻ തന്നെ അറിയിച്ചു.
ട്രംപ് ഭരണകൂടം എട്ട് ദിവസത്തിനുള്ളിൽ തിടുക്കത്തിൽ നിർമ്മിച്ച ഈ തടങ്കൽ കേന്ദ്രം ഫ്ലോറിഡയിലെ എവർഗ്ലേഡ്സ് ചതുപ്പുനിലത്തിലെ ഉപേക്ഷിക്കപ്പെട്ട ഒരു എയർഫീൽഡിലാണ് സ്ഥിതി ചെയ്യുന്നത്. കിടക്കകൾ, കമ്പിവലകൾ, വലിയ വെളുത്ത കൂടാരങ്ങൾ എന്നിവയാണ് ഇവിടെ ഉണ്ടായിരുന്നത്. മുതലകൾ ധാരാളമുള്ള ഈ പ്രദേശത്താണ് ഈ കേന്ദ്രം സ്ഥാപിച്ചത്. ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് പ്രതിജ്ഞയെടുത്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് കഴിഞ്ഞ മാസം ഈ കേന്ദ്രം സന്ദർശിച്ചിരുന്നു.
ഇവിടുത്തെ മോശം സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹം അഭിമാനത്തോടെ സംസാരിക്കുകയും, മുതലകൾ കാവൽക്കാരായി പ്രവർത്തിക്കുമെന്നും തമാശ പറയുകയും ചെയ്തിരുന്നു. സാൻ ഫ്രാൻസിസ്കോ ഉൾക്കടലിലെ ഒരു മുൻ ജയിൽ ദ്വീപായിരുന്ന അൽകട്രാസ് വീണ്ടും തുറക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന്റെ സൂചനയായിട്ടാണ് വൈറ്റ് ഹൗസ് ഈ തടങ്കൽ കേന്ദ്രത്തിന് അലിഗേറ്റർ അൽകട്രാസ് എന്ന് പേരിട്ടത്.